തട്ടിന്‍പുറത്ത് നിന്നും

This supplementary blog contains only those old entries recovered after a deletion from my blog.

Friday, August 04, 2006

കര്‍ക്കിടകമെത്തി...

ഇന്ന് കര്‍ക്കിടകം ഒന്ന്.പഞ്ഞം കടത്തലൊക്കെ നാമമാത്രമായെങ്കിലും വൃത്തിയാക്കലൊക്കെ രണ്ടു ദിവസം മുന്‍പേ തുടങ്ങി.വെളുപ്പിന് കുളിച്ച്, രാമായണവായനയോടെ കള്ളക്കര്‍ക്കിടകത്തിനെ എതിരേറ്റു. അതിനു ശേഷം ഏതാണ്ട് അഞ്ചേമുക്കാലായപ്പോള്‍ ഇടവഴിയില്‍ വെളിച്ചം വീണുതുടങ്ങി..അമ്പലത്തിലേയ്ക്കിറങ്ങി.ഇരു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.വണ്ടിയില്‍ നിന്നു വീണു കിടപ്പിലായ മേല്‍ശാന്തി തിരിച്ചെത്തീരുന്നു. പതിവുഭക്തജനങ്ങളൊക്കെയുണ്ടായിരുന്നു-ഒന്നാം തിയതി ആയതിനാല്‍ കുറച്ച് തിരക്കുണ്ടായിരുന്നു.. നന്ത്യാര്‍വട്ടപ്പൂക്കളും ശംഖുപുഷ്പവും അമ്മായിയുടെ വീട്ടില്‍ നിറയെ ഉണ്ട്..ഒരിലക്കീറില്‍ കുറച്ച് പറിച്ചെടുത്ത് ശിവക്ഷേത്രത്തിലേയ്ക്ക്...അഞ്ജു തിണ്ണയിലിരുന്ന് രാമായണം വായിക്കുന്നുണ്ട്..ക്ഷണനേരം കൊണ്ട് തൊഴലും കഴിഞ്ഞു അവളോടൊത്ത് മടങ്ങി. ഇനീപ്പോ ദശപുഷ്പം പറിക്കാന്‍ സമയമില്ലല്ലോ..അച്ഛമ്മയുടെ സഹായം ചോദിക്കാമെന്നുവെച്ചാല്‍ പാവം കയ്യൊടിഞ്ഞിരിക്ക്യേം ആണ്..അവസാനം ഗേറ്റിനടുത്തു കണ്ട മുക്കുറ്റി പറിച്ചെടുത്ത് പൂജാമുറിയില്‍ വെച്ചു. ചടങ്ങു മുടക്കണ്ടാലോ..കര്‍ക്കിടകമങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്നു..മുപ്പെട്ടുചൊവ്വാഴ്ചത്തെ മൈലാഞ്ചിയിടല്‍, ഉലുവാക്കഞ്ഞി കുടിക്കല്‍..ഒരു റിലേ പോലെ ഒരാള്‍ നിര്‍ത്തിയിടത്തുനിന്ന് അടുത്ത ആള്‍ തുടങ്ങുന്ന രാമായണവായന..ഉലുവാക്കഞ്ഞിയുടെ ഔഷധഗുണങ്ങള്‍ അറിഞ്ഞുതുടങ്ങുന്നതിനു മുന്‍പു എനിക്കതു കാണ്ന്നതേ ചതുര്‍ത്‍ഥിയായിരുന്നു...ഞങ്ങളെ അതു കടിപ്പിക്കുക എന്ന ഭഗീരഥപ്രയത്നത്തില്‍ അമ്മയും അച്ഛമ്മയും അമ്മായിമാരും ഒക്കെ വിജയിക്കാറുള്ളത് അച്ഛച്ഛന്റേയും അച്ഛന്റേയും ഒക്കെ കണ്ണുവെട്ടിച്ചു കുറച്ചു പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്തിട്ടാവും..;-)ദശപുഷ്പങ്ങളെല്ലാം തറവാട്ടിലെ അറയ്ക്കകത്തുണ്ടാവും-അച്ഛമ്മയ്ക്ക് ഈ പ്രായത്തിലും ഇതൊക്കെ ഒരു ജ്വരം പോലെയാണ്‍.ഞാന്‍ പത്തെണ്ണത്തിന്റേം പേരുമറന്നു....മുക്കുറ്റി, മുയല്‍ച്ചെവിയന്‍, ക്രിഷ്നക്രാന്തി, തിരുതാളി, കയ്യുണ്യം(കയ്യോന്നി), നിലപ്പന, ഉഴിഞ്ഞ, കറുക,ചെറൂള, പൂവാങ്കുരുന്നില..അങ്ങനെ പോകുന്നു ദശപുഷ്പങ്ങള്‍...ഇവയില്‍ ചിലതൊക്കെ കണ്ടാല്‍ തിരിച്ചറിയാന്‍ ഇന്നും എനിക്കാവില്ല...പഴയ തലമുറയില്‍ നിന്ന്‍ എന്തൊക്കെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.......?!എന്റെ മനസ്സില്‍ കര്‍ക്കിടകം എന്നും നിഗൂഢതകളുടെ മാസമായിരുന്നു. ദാരിദ്ര്യദുഖത്തിനു പേരുകേട്ട കര്‍ക്കിടകത്തിലും‍ ഇല്ലാത്ത ‘ട്രീറ്റുകള്‍” ഉണ്ടാക്കി പിസാ ഹട്ടിലും മറ്റുമിരുന്നു വെട്ടി വിഴുങ്ങുമ്പോള്‍ മനസാ ചിരിച്ചു-സാമ്പത്തികപുരോഗതിയും പാശ്ചാത്യവല്‍ക്കരണവും ഒരു ശരാശരി മലയാളിയില്‍ തീര്‍ത്ത വിരോധാഭാസമോര്‍ത്ത്...!

അമ്മ.


ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്കിതേ അമ്മയുടെ മകളായി ജനിക്കണം..എന്നും എന്റെ മനസ്സിലെ ദേവീസങ്കല്‍പ്പത്തിനു എന്റമ്മയുടെ മുഖമാണ്‍. രാവിലെ എന്നെ എഴുന്നേല്‍പ്പിക്കുന്ന അമ്മ. എന്നും എന്തിനും ഏതിനും എന്റെ അവസാന ആശ്രയമായ മടിത്തട്ട്. ഞങ്ങളുടെ ശ്വാസത്തിന്റെ താളം തന്നെ ഒന്നാണ്. നിന്നെ എനിക്കറിയില്ലേ ന്ന മട്ടിലുള്ള നോട്ടം..ഇടയ്ക്കിടെ ഒരാശ്വാസമായി, എന്നെ ചുറ്റുന്ന സ്നിഗ്ദ് ധ തയുള്ള കൈത്തണ്ടകള്‍ ...എത്ര ദൂരെപ്പോയാലും എന്നെ പിടിച്ചുവലിക്കുന്ന സ് നേഹം..എന്നും രാവിലെ ഇടവഴിയുടെ അറ്റത്തു ഞാന്‍ കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കി നില്‍ക്കുന്ന അമ്മ...കഴിക്കാന്‍ സമയമില്ലാതെ വരുമ്പോള്‍ വായില്‍ വെച്ചു തരുന്ന അമ്മ.ഒരു പടം വരച്ചാല്‍, രണ്ടു വരി എഴുതിയാല്‍ ഞാന്‍ ആദ്യം കാണിക്കുന്ന ആള്‍..അന്നന്നത്തെ വിശേഷങ്ങള്‍ വാതോരാതെ പറയുമ്പോള്‍ നല്ല ശ്രോതാവായി, നല്ല ഉപദേശങ്ങള്‍ മാത്രം തരുന്ന അമ്മ...സങ്കടങ്ങള്‍ വരുമ്പോള്‍ ഈശ്വരനെ തള്ളിപ്പറയര്‍ഉതെന്ന് എന്നെ പഠിപ്പിച്ച ‍ അമ്മ..എന്നും ഭഗവാനെ കണികണ്ടുണരുന്ന അമ്മ...മക്കളുടെ കണ്ണു നിറയുമ്പോള്‍ മനസ്സു പിടയ്ക്കുന്ന അമ്മ...അച്ഛനെ ദൈവത്തെപ്പോലെ കാണുന്ന, എത്ര വൈകിയാലും അച്ഛന്‍ വരാതെ ഭക്ഷണം കഴിക്കാത്ത അമ്മ....എനിക്കു മനസ്സുകൊണ്ടു ഏറ്റവും നന്നായി സംവദിക്കാന്‍ കഴിയുന്ന ‍ ആള്‍....ഉറക്കം വരാതെ കിടക്കുമ്പോള്‍ താളനിബദ്ധമായി തട്ടുന്ന കൈകള്‍.....ഉള്ളംകൈ പോലെ എന്നെ അറിയുന്ന അമ്മ..നന്മയേയും തിന്മയേയും വേര്‍തിരിച്ചറിയാന്‍ എന്നെ പഠിപ്പിച്ച എന്റെ അമ്മ....സ്ത്രീയായി ജനിച്ചതില്‍ അഭിമാനം കൊള്ളുവാന്‍ പഠിപ്പിച്ച അമ്മ...എന്റെ പ്രത്യക്ഷദൈവം!എന്റെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം ഇതാണ്- എനിക്കെന്റമ്മയെപ്പോലെയാവണം!

കൊച്ചിയിലെ ബൂലോകസംഗമം.

ശനിയാഴ്ച പ്രഭാതം! തലേന്ന് വൈകി ഉറങ്ങിയതുകൊണ്ടും നേരിയ പനിയുടെ ശിങ്കിടികള്‍ കൂടെയുള്ളതുകൊണ്ടും എഴുന്നേല്‍ക്കാന്‍ മടി തോന്നി. പിന്നെ ആലോചിച്ചു-ഈ കിടപ്പ് കിടന്നാല്‍ ഒന്നും നടക്കില്ല..ദ്വാദശിയായതിനാല്‍, കുളിച്ച് തൊഴുത് ബ്രാഹ്മണന് ദക്ഷിണ നല്‍കി, തീര്‍ത്ഠം സേവിച്ച് പാരണ വീടേണ്ടതുണ്ട്..പിന്നെ ഇന്നല്ലേ കാത്തിരുന്ന ബൂലോകസംഗമം! പത്തുമണിക്ക് മുന്‍പേ കൊച്ചിയിലെത്തണമെങ്കില്‍ എട്ടരയ്കെങ്കിലും ഇവിടെനിന്ന് ഇറങ്ങണം.വിചാരിച്ചപോലെ എട്ടേകാലിന്റെ ബസിന് എറണാകുളത്തേയ്ക്ക്..ആലുവയില്‍ നിന്നും “തോപ്പും പടി” ബസില്‍ കയറി ഒരു സൈഡ് സീറ്റില്‍ ഇരിപ്പായി.”ശിവക്ഷേത്രം” വരെയുള്ള ടിക്കറ്റുമെടുത്തു. നോര്‍ത്തിലെത്തീപ്പോള്‍ ശ്രീജിത്തിനെ വിളിച്ചു പറഞ്ഞു “ഞാനൊരു പതിനഞ്ചു മിനിറ്റിനകം എത്തൂട്ടോ..”കുറേക്കഴിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ടക്ടര്‍ എന്നെ ഒരു സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു..(!! :-? )ഞാന്‍ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി....അപ്പോള്‍ എന്നോടൊരു ചോദ്യം-“എവിട്യാ തനിക്കിറങ്ങണ്ടെ?” “ ഞാന്‍ മൊഴിഞ്ഞു” ശിവക്ഷേത്രത്തിന്റെ മുന്നില്‍”..“അതൊക്കെ കഴിഞ്ഞിട്ടു സമയം കുറച്ചായെടോ, തനിക്കറിയാംന്നല്ലേ ഞാന്‍ വിചാരിച്ചെ? അറിയില്ലെങ്കില്‍ ചൊദിക്കണ്ടേ?ഇനി ഇവിടെ ഇറങ്ങീട്ടു ജെട്ടി-മേനക ബസില്‍ കയറി ടി ഡി എം ഹാളിന്റെ മുന്നിലിറങ്ങിക്കോളൂ..”ആരെയാണാ‍വോ ഇന്നു കണി കണ്ടത്?? ആ... വെറുതെയല്ല..ഇന്നു കണ്ണാടിയിലേക്കാണ് ആദ്യം നോക്കിയത്..:-))മണ്ടന്‍ ശ്രീജിത്തിനെവിളിച്ചു പറ്റിയ മണ്ടത്തരം പറഞ്ഞു.....ഒരുവിധത്തില്‍ ടി ഡി എം ഹാളിനു മുന്നിലിറങ്ങി..സമയം പത്തുമണി കഴിഞ്ഞു....നാടകത്തിന്റെ അനൌണ്സ് മെന്റ് പോലെ പിന്നെയും ശ്രീജിത്തിനോട് പത്തുമിനിറ്റെന്ന്‍ പറഞ്ഞു....ഞാന്‍ വിചാരിച്ചു...ശനിയാഴ്ചയല്ലേ, ക്ഷേത്രത്തിനുമുന്നിലിറങ്ങുകയും ചെയ്തു. ഇനീപ്പൊ എന്റെ ചിരകാലസ്വപ്നമായിരുന്ന എറണാകുളത്തപ്പദര്‍ശനം നടത്തീട്ടുതന്നെ ബാക്കി കാര്യം.....ധൃതിയില്‍ അകത്തുകയറി തൊഴുതു..എന്താ തിരക്ക്!!! അഭിഷേകസമയമായിരുന്നു......ജീവിതത്തിലാദ്യമായി അങ്ങനെ ഞാന്‍ അദ്ദേഹത്തെ(തെറ്റിദ്ധരിക്കണ്ടാ, ഭഗവാനെയാണുദ്ദേശിച്ചത്) കണ്‍കുളിര്‍ക്കെ കണ്ടു.പുറത്തിറങ്ങി ബി ടി എച്ച് ലക്ഷ്യമാക്കി നടന്നു..ഒരു പത്തടി നടന്നപ്പളേയ്ക്കും അതാ നിറഞ്ഞ ചിരിയോടെ മുന്നിലൊരു കുട്ടിച്ചാത്തന്‍!!! ബസിറങ്ങി അര മണിക്കൂറായിട്ടും ആളെ കാണാഞ്ഞ് തിരക്കി ഇറങ്ങിയതാണത്രേ! നമ്മുടെ മണ്ടന്‍ ശ്രീജിത്തായിരുന്നു അത്..രണ്ടുകൊല്ലം കഴിഞ്ഞു കാണുകയാണു...ജാഡയ്ക്ക് ഒരു മീശ (വെപ്പുമീശയാവാനാണു സാധ്യത) വച്ചിട്ടുണ്ടെന്നതല്ലാതെ ഒരു മാറ്റോം ഇല്ല...ചിരീം വര്‍ത്തമാനോം ഒക്കെ പണ്ടത്തേപ്പോലെ തന്നെ. എന്തായാലും ഞങ്ങള്‍ ബൂലോഗസംഗമവേദിയിലേയ്ക്ക് നടന്നു..ഒരു മലയാളമങ്ക മുണ്ടും നേരിയതുമൊക്കെ ഉടുത്തു ഹാളിനകത്തു അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നതുകണ്ട് അമ്പരന്ന എനിക്ക് ശ്രീജിത്ത് പരിചയപ്പെടുത്തിത്തന്നു-“ അതുല്യേച്ചിയാണ്..“പിന്നെ പിങ്ക് നിറത്തിലുള്ള കുപ്പായമണിഞ്ഞ ഒരു സുന്ദരിയെ നോക്കി പറഞ്ഞു-“ഇതാണു സൂ”!അവിടിരുന്ന ഉയരമുള്ള ഒരേട്ടനെക്കണ്ട് വിശ്വേട്ടനാണോന്നു ഞാന്‍ സൂവിനോട് ചോദിച്ചു...അയ്യോ അല്ല അതെന്റെ ഭര്‍ത്താവാണെന്നു സൂ..:-)ചന്ദ്രേട്ടനെ മനസ്സിലായി, പരിചയപ്പെടുത്താതെ തന്നെ. കുഞ്ഞനിയനായി കണ്ണനും ഉണ്ടായിരുന്നു അവിടെ-ഒരു സ്കൂള്‍കുട്ടിയെപ്പോലെ , മനസ്സില്‍ കണ്ടതിലും നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖം!:)പിന്നെ അതുല്യേച്ചിയുടെമകന്‍ അര്‍ജുനും(ഈ ഒന്‍പതാം ക്ലാസുകാരന്‍ പയ്യന്‍സ് മലയാളം തരക്കേടില്ലാത്ത വിധം സംസാരിക്കും) ഞാനും കൂടി ബ്ലോഗുകളുടെ പേരുകള്‍ ചുവരില്‍ തൂക്കി...അപ്പോഴേയ്ക്കും ‘ഞാനും’ ,ചാത്തുണ്ണിയും ഒബിയും അവിടെയെത്തി.തന്റെ കമ്പനിയില്‍ നിന്നുമുള്ള ആ അജ്ഞാതസുഹൃത്തു ആരാണാവോ?” ന്ന ചോദ്യം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു..ശ്രീജിത്തും കൈവിട്ടു...”കാത്തിരുന്നു കാണൂ” എന്നായിരുന്നു ഉത്തരം...അതിനിടെ കര്‍ട്ടനിടയിലൂടെ എന്റെ നോട്ടം പുറത്തു റോഡ് ക്രോസ്സ് ചെയ്യുന്ന ശുഭ്രവസ്ത്രധാരിണിയായ, ഒരു മഹിളാരത്നത്തില്‍ പതിഞ്ഞു.”അമ്പടി ഭയങ്കരീ” എന്ന ഒരു ആത്മഗതത്തോടെ ഞാന്‍വിജിഗീഷുവായി പുന്നെല്ലു കണ്ട എലിയെപ്പോലെ ശ്രീജിത്തിനോട് ” എനിക്കാളെ പിടികിട്ടി”!!:-))))))അങ്ങനെ കാലാകാലമായി മുല്ലപ്പൂ എന്ന പേരില്‍ എന്നെ പിന്തുടര്‍ന്നിരുന്ന ആ അജ്ഞാതജീവിയെ ഞാന്‍ പിടിച്ചുകെട്ടി.കമന്റുകളില്‍ നിന്നും, എന്നെ നന്നായറിയുന്ന ആരോ ആണെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.:-) തന്നെപ്പോലെ ചാത്തുണ്ണിയും ഇപ്പോഴാണീ സത്യം അറിയുന്നത് എന്നത് ചമ്മലിന്റെ കാഠിന്യം തെല്ലു കുറച്ചു.കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും വിശ്വേട്ടനും കുടുംബവും എത്തി. പരിചയപ്പെടുത്താതെ തന്നെ എന്നെ തിരിച്ചറിഞ്ഞു..”ദുര്‍ഗ അല്ലേ?” ന്നു ചോദിച്ചു.:) ഞാന്‍വിചാരിച്ചതിലുമൊക്കെ ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും. സംഗീതേച്ചി വിനയത്തിന്റെയും ഒതുക്കത്തിന്റേയും കാര്യത്തില്‍ ഭര്‍ത്താവിനെ വെല്ലുന്നു. ആര്‍ച്ചിക്കുട്ടി പട്ടുപാവാടയും ബ്ലൌസും ധരിച്ചു പ്രസരിപ്പുള്ള ഒരു കുട്ടിയായി, മറുനാടന്‍ മലയാളിക്കുട്ടികളുടെ ജാഡകളൊന്നുമില്ലാതെ ഒരു പൂമ്പാറ്റയെപ്പോലെ..:)‍സംഗീതേച്ചിയോടും ആര്‍ച്ചിയോടും ഞാന്‍ കുറച്ചു നേരം സംസാരിച്ചു..പിന്നീട് പണിക്കനേയും, യാത്രികനേയും ഇക്കാസിനേയും വില്ലൂസിനേയും സൂഫിയേയും ഒക്കെ പരിചയപ്പെട്ടു. തുടര്‍ന്ന് ചായ, വട, ചട്ണി....കുശലം പറച്ചില്‍...അപ്പോഴേയ്ക്കും വിശ്വേട്ടന്റെ ലാപ് ടോപ് സജ്ജമായിക്കഴിഞ്ഞു. തുടര്‍ന്ന് കൂട്ടത്തില്‍ മുതിര്‍ന്ന ചന്ദ്രേട്ടനും ഏറ്റവും ഇളയ ആര്‍ച്ചിയും ‘ബൂലോകസംഗമം’ ഉദ്ഘാടനം ചെയ്തു!:)യൂയേയീക്കാരുടെ ഫോണ്‍കാളുകളും അതിനെത്തുടര്‍ന്നുള്ള കയ്യടികളും ഇതിനിടെ തുടര്‍ന്നുകൊണ്ടിരുന്നു...വില്ലൂസ് ഒരു പാട്ടുപാടി, പിന്നെ ഓരോരുത്തരും രണ്ടുവാക്ക് സംസാരിച്ചു....ഇതിനിടെ അതുല്യേച്ചി എന്നെ ഒരു ജോലി ഏല്‍പ്പിച്ചു- വന്നു ചേര്‍ന്ന ബ്ലോഗര്‍ മാരുടെയെല്ലാം പേരുകള്‍ ഒരോ സര്‍ട്ടിഫിക്കറ്റിന്റേയും പിന്നില്‍ തലങ്ങും വിലങ്ങും എഴുതുന്ന ജോലി. ഞാനെഴുതിത്തീര്‍ന്ന ഓരോ ഷീറ്റും കണ്ണന്‍ കുട്ടി അടുക്കിവച്ചുകൊണ്ടിരുന്നു.ഇതിനിടെ എപ്പോഴോ ഞാനും വേദിയില്‍ ചെന്നു രണ്ടുവാക്ക് സംസാരിച്ചു.ഇതിനിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ ബ്ലോഗര്‍മാരെ ഇന്റര്‍വ്യൂ ചെയ്തുകൊണ്ടിരുന്നു...വിശ്വേട്ടന്റെ പ്രസംഗം തീര്‍ന്നതും ഊണുകാലായി. എല്ലാവരും സദ്യ ആസ്വദിച്ച് ഉണ്ടു.:) നാക്കിലയിലെ തുമ്പപ്പൂചോറ് , പപ്പടം, നെയ്യും പരിപ്പും, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഉപ്പേരി........അങ്ങനെ പോയി വിഭവങ്ങള്‍! ‍പാല്‍പ്പായസത്തെ ചവ്വരിപ്പായസമെന്ന് ഉദ്ഘോഷിച്ച എന്നെ പലരും കളിയാക്കി.:)മുല്ലപ്പൂവും, കണ്ണനും, ഞാനും, കുമാറേട്ടനും, മനോരമ റിപ്പോര്‍ട്ടര്‍ കോഴിക്കോട്ടുകാരന്‍ നിഷാന്തും ഒരു മേശയ്ക്ക് ചുറ്റുമിരുന്നാണു കഴിച്ചത്. :)വിശ്വേട്ടന്‍ ഓരോരുത്തരും ഊണുകഴിക്കുന്ന ഫോട്ടോ എടുത്തുകൊണ്ടു അതിലേ നീങ്ങുന്നുണ്ടായിരുന്നു..ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം ബി ടി എച്ചിന്റെ വടക്കേവരാന്തയില്‍ കുറച്ചുസമയം കുശലം പറച്ചില്‍...ഉച്ചതിരിഞ്ഞ് ക്വിസ് മത്സരം തുടങ്ങി..മരമണ്ടന്‍ ശ്രീജിത്തും കുമാറേട്ടനും ഒരു ഗ്രൂപ്പിലായത് “ ഈ----------- മര----------------------- കൂട്ട്” എന്ന ഒരു പഴയ ചൊല്ലിനെ അനുസ്മരിപ്പിച്ചു....അവരുടെ കുഴലൂത്തു മത്സരവും ഇതിനിടെ അരങ്ങേറി.കണ്ണുമൂടിക്കെട്ടലും വരമൊഴി കേട്ടെഴുത്തും കൊണ്ട് സംപുഷ്ടമായ ഒരു ക്വിസ് ആയിരുന്നു അത്.:)‘ദ ഹിന്ദു‘വും, ഏഷ്യാനെറ്റും, മനോരമ ന്യൂസും, മാധ്യമവും, മംഗളവും എല്ലാം അവരവരുടെ ജോലികള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു..’ദ ഹിന്ദു’ വിന്റെ പ്രതിനിധി രേണു രാമനാഥന്‍, പണ്ട് പൂമ്പാറ്റയില്‍ ‘അത്ഭുതവാനരന്മാര്‍’ എഴുതിയിരുന്ന രാമനാഥന്‍ സാറിന്റെ മകളാണെന്ന അറിവ് സന്തോഷം പടര്‍ത്തി.:) വൈകീട്ടത്തെ ചായ(+ബിസ്കറ്റ്) കഴിഞ്ഞതും ഉമേച്ചിയും അനന്തിരവള്‍ ഗായത്രിയും എത്തി. പിന്നെ ഫോട്ടോ സെഷന്‍, കുശലം പറച്ചില്‍, ഒക്കെയായി സമയം പോയി.സര്‍ട്ടിഫിക്കറ്റും ബിരിയാണിക്കുട്ടിയുടെ വക കീ ചെയിനും വാങ്ങി , ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി, ഏതാണ്ട് അഞ്ചുമണിയോടെ ഞാനും..:)ബൂലോഗക്ലബ്ബ് നീണാള്‍ വാഴട്ടെ!

ആചാര്യദേവോ ഭവ:

-----ഈ രചനയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളോട് സാദൃശ്യം തൊന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്. കഥയും കഥാപാത്രങ്ങളും കേവലം സാങ്കല്പികങ്ങളാ‍യി മാത്രം കണക്കിലെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.-------- രാധാമണിടീച്ചര്‍ പുലിവാലുപിടിച്ചപോലെയാണിപ്പോള്‍. മാഷ്ടേം കുട്ട്യോള്‍ടേം കാര്യം നൊക്കാതെ കുത്തിയിരുന്ന് പഠിച്ച് ഈ നാല്പത്തെട്ടാം വയസ്സില്‍ എം.എ പാസായതും ഹെഡ്മിസ്ട്രസ് പദവി പോരാടി നേടിയതുമെല്ലാം വെറുതെയായോന്നു തോന്നും ചിലപ്പോള്‍.ഗുരുക്കന്മാരെ ഈശ്വരതുല്യം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു..... ഒക്കെ പഴങ്കഥ!രംഗം ഒന്ന് : പി ടി എ മീറ്റിംഗ്.കുഞ്ഞുവറീത് വിടാന്‍ ഭാവമില്ല..”ഇതെന്തു തോന്ന്യാസാ ടീച്ചറെ...ഇംഗ്ലീഷ് മീഡിയത്തിനെന്താ കൊമ്പുണ്ടോ?”അനുനയിപ്പിക്കാന്‍ പറഞ്ഞു നോക്കി” ഇരിക്കൂ..നമുക്ക് പരിഹാരമുണ്ടാക്കാംന്ന്..”“നിങ്ങളെന്ത് പരിഹാരാ ടീച്ചറെ ഈ പറെണെ? ഒരു വീട്ടില്‍ ത്തന്നെ രണ്ടു അടുക്കളയോ? അവര്‍ടെ യൂണിഫോമിനു മാത്രം ബെല്‍റ്റ് വെച്ചത് ശരിയായില്ല..അവരെന്താ സായിപ്പന്മാരാ? ഞങ്ങടെ കുട്ട്യോളോട് മാത്രമെന്താ നിങ്ങള്‍ക്കൊരു അവജ്ഞ?”കഷ്റ്റപ്പെട്ടു ഒന്‍പതാംക്ലാസ്സ് വരെ എത്തി നില്‍ക്കുന്ന ഇംഗ്ലീഷ്മീഡിയം...കുട്ടികളെ തിരിച്ചറിയാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ ബെല്‍റ്റും പ്രശ്നമായോ?അവസാനം വെറെനിറത്തിലുള്ള ബെല്‍റ്റോടുകൂടി മലയാളം മീഡിയം യൂണിഫോം പരിഷ്കരിക്കാമെന്ന ബോസ് മാഷിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതിനു ശേഷമാണ് യോഗം പിരിച്ചുവിട്ടത്.രംഗം രണ്ട്:ഏഴ് ബിയില്‍ ആ പിരിയഡ് ഫ്രീ ആയതിനാല്‍ ഒന്നു ഗുണദോഷിക്കാമെന്നു കരുതി പോയപ്പോള്‍ അറിയാതെ കേട്ടുപോയതാണ്‍raaghavan മാഷ് വരാന്തയില്‍ നിന്ന് ഒന്‍പത് ബി യിലെ അരുണിനോട് കെഞ്ചുന്നു!“നീ പറഞ്ഞുനോക്ക്...അവനെ എങ്ങിനേയും നമ്മുടെ സ്കൂളിന്‍ കിട്ടണം...മറക്കാതെ പറയണം...ഇവിടെ ചേര്‍ന്നാല്‍ ഒരു സൈക്കിള്‍ ഫ്രീ..അതുമല്ല ഒരു വര്‍ഷത്തേയ്ക്കുള്ള യൂണിഫോമും പുസ്തകവും എല്ലാം ഫ്രീ..ആഴ്ചയില്‍ 3 ദിവസം വന്നാലും മതി..ബാക്കിയൊക്കെ മാഷ് നോക്കിക്കോളാം..”തരിച്ചു നിന്നുപോയി..ഡിവിഷന്‍ കട്ടെന്ന യാഥാര്‍ഥ്യം ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിയാടുന്നതോര്‍ത്തപ്പോള്‍ പറയാന്‍ തോന്നിയത് കടിച്ചിറക്കി...ആചാര്യദേവോ ഭവ:രംഗം മൂന്ന്:രാവിലെ ചെന്നപ്പോള്‍ ഓഫിസ് റൂമില്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിക്കുന്ന മാന്യദേഹത്തെ മനസ്സിലായില്ല..മുഷിഞ്ഞ കൈലിയും ഷര്‍ട്ടും വേഷം..പാറിപ്പറക്കുന്ന മുടി..കയ്യില്‍ എരിയുന്ന സിഗരറ്റ്...കുടിച്ചിട്ടുമുണ്ട്...പുച്ഛഭാവത്തെ ഒതുക്കി ആരാ മനസ്സിലായില്ലല്ലോ എന്നു ചോദിക്കാനൊരുങ്ങവേ വാതില്‍ക്കല്‍ നിന്നു ഗോമതിടീച്ചര്‍ ആംഗ്യം കാട്ടി വിളിച്ചു..പിന്നീടൊരഭ്യര്‍ത്ഥനയായിരുന്നു..”ടീച്ചര്‍ അയാള്‍ടെ മട്ടും ഭാവവും കണക്കാക്കണ്ട...മോനെ ചേര്‍ക്കാന്‍ കൊണ്ടുവന്നതാ...ദയവായി ടീച്ചര്‍ മുഷിഞ്ഞൊന്നും സംസാരിക്കരുതേ...എന്റെ ഡിവിഷന്‍......”പിന്നീട് ജില്ലാകളക്ടറുടെ മട്ടിലും ഭാവത്തിലും അവിടെ ഇരുന്ന ആഭാസനോട് ഇറങ്ങിപ്പോടോന്നു പറയാന്‍ കഴിയാതെ ഉരുകുമ്പോള്‍ മനുസ്മ്^തി ഉള്ളിലെവിടെയ്യോ കൊളുത്തിവലിച്ചു...കടിച്സിറക്കി..രംഗം നാല്:ഐ ടി പ്രാക്റ്റിക്കല്‍ പരീക്ഷ.ചന്ദ്രന്മാഷ് തോമസിന്റെ കാലു പിടിക്കുന്നു...”നീ ഒന്നിരുന്നു തന്നാല്‍ മതി..10 മാര്‍ക്ക് തരാം ഞാന്‍”...“മാഷ് ഒന്നു പോയേ... രണ്ട് തവണ ലോറീല്‍ പോയാല്‍ ദിവസം കിട്ടുന്ന കാശെത്രയാന്ന് മാഷിനറിയോ? “അറിയപ്പെടുന്ന ഒരു മണല്‍ തൊഴിലാളി ആയ തോമസിന്റെ സൈഡ് ബിസിനസ്സാണ് സ്കൂള്‍ വിദ്യാഭാസം(ക്ഷമിക്കണം, വിദ്യാഭ്യാസം).മനുസ്മൃതി വീണ്ടും നോവിക്കുന്നു....രംഗം അഞ്ച്:ഓടിക്കിതച്ചെത്തി ചന്ദ്രഹാസമിളക്കി നില്‍ക്കുന്ന, സഹപാഠി കൂടിയായ പലചരക്കുകടക്കാരന്‍ thomasine നിയന്ത്രിക്കാന്‍ vinayanമാഷ് ആവതും ശ്രമിച്ചുനോക്കി.....“താനൊന്നും പറയേണ്ടെടോ...എന്റെ കൊച്ചിനു മാത്രം പുല്ലുവില...നിങ്ങടെ സ്കൂളും ഒരു പരിഷ്കാരവും..എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ..ടീച്ചറെ ഇതില്‍ എന്താ പറയാനുള്ളത്...”കാര്യം വഴിയെ മനസ്സിലായി....vinayan മാ‍ഷിന്റെ മാരുതി പാഞ്ഞുപോകുന്നത് thomas‍ കടയിലിരിക്കെ കണ്ടിരുന്നു...അഞ്ച് ബി(ഇംഗ്ലിഷ് മീഡിയം)യിലെ അരവിന്ദിനെ ആശുപത്രിയിലേയ്ക്ക് കോണ്ടുപോയതായിരുന്നു. ഓടിക്കളിച്ചപ്പോള്‍ വീണതാണ്..കാലിന് ഒടിവുണ്ട്...ഇതറിഞ്ഞ ഉടനെയായിരുന്നു പോളിന്റെ ഭാര്യ കടയിലേയ്ക്ക് വിളിച്ച് കുട്ടിക്കു സുഖമില്ലാത്തതിനാല്‍ മാഷന്മാര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കിയ വിവരം പറയുന്നത്...കേട്ടപാതി കേള്‍ക്കാത്ത പാതി വാളെടുത്തിറങ്ങിയതാണ്...കേവലം ഒരു പനിയെയും ഗുരുതരമായ ഒരപകടത്തേയും താരതമ്യം ചെയ്യാന്‍ തുനിഞ്ഞ രക്ഷകര്‍ത്താവിനെ നൊക്കി നില്‍ക്കേ മനുസ്മൃതി വീണ്ടും തേങ്ങി...രംഗം ആറ്:എട്ടേകാ‍ലിന്റെ “ചൈത്രം” പിടിക്കാനോടവേ, ആശ്രമം സ്കൂളിലെ സുധടീച്ചറുടെ കമന്റ് : “എന്നാലും ടീച്ചറേ ഇതു ശരിയല്ലാട്ടോ...ഞങ്ങടെ കുട്ട്യൊളെയൊക്കെ അങ്ങടേയ്ക് വല വീശിപ്പിടിക്ക്യാ അവിട്ത്തെ മാഷന്മാര്‍..ഇത്ര അധപതിക്കരുത്ട്ടോ.”വീണ്ടും കുത്തിനോവിച്ചു തുടങ്ങിയ മനുസ്മ്^തി അടച്ച് വച്ചുകൊണ്ട് ഞാന്‍ ഇത്ര മാത്രം പറഞ്ഞു-“ ധൃതീണ്ട് ടീച്ചറെ....”ചൈത്രം പോയാല്‍ പിന്നെ ഒന്‍പതേകാലിനേ ബസുള്ളൂ...ഡി. ഇ.ഒ വരണ ദിവസാ...”!!

കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം!

പ്രതീക്ഷിച്ചിരുന്നിട്ടും ഏറെ മുറിപ്പെടുത്തിയ ഒരു വേര്‍പാട്..ശുദ്ധാത്മാവായ ഒരു ചെണ്ടമേളക്കാരനോ, ചായക്കടക്കാരനോ, മുഖ്യകഥാ‍പാത്രത്തിന്റെ അച്ഛനോ, അമ്മാവനോ, കാര്യസ്ഥനോ ഒക്കെയായി,പലപ്പോഴും ഒരു കറിവേപ്പിലയായി-എത്ര അപ്രസക്തമായ വേഷമാണെങ്കില്‍ത്തന്നെയും, തന്റെ അസാന്നിദ്ധ്യം കൊണ്ട് അപൂര്‍ണ്ണമായിപ്പോയേനെ എന്നു നമുക്ക് വ്യക്തമാക്കിത്തരുന്ന, തന്മയത്വമുള്ള, സ്വാഭാവികമായ അഭിനയം-വെള്ളിത്തിരയില്‍ നിലകൊണ്ടിരുന്ന വ്യക്തിത്വം.ദേവാസുരത്തിലെ പെരിങ്ങോടനും, ഭരതത്തിലെ പക്കമേളക്കാരനായ അമ്മാവനും,തൂവല്‍ക്കൊട്ടാരത്തിലെ മാരാര്‍ക്കും ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ മരണമില്ല.രസതന്ത്രത്തിലെ ചെട്ടിയാരെയും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും അദ്ദേഹം തന്റെ കലാശക്കൊട്ടെന്ന പോലെ അനശ്വരനാക്കി.ഞെരളത്തു രാമപ്പൊതുവാളിന്റെ ജീവിതം അദ്ദേഹത്തിന്റെ പ്രതിഭയിലൂടെ കാണാന്‍ മലയാളിക്കു ഭാഗ്യമുണ്ടായില്ല.അദ്ദേഹവും യാത്രയായി, മലയാളിയുടെ മനസ്സില്‍ ഒരു ചെണ്ടയും ചെണ്ടക്കോലും അനാഥമാക്കിക്കൊണ്ട്-നികത്താനാവാത്ത ഒരു വിടവ് ചലച്ചിത്രലോകത്തിന് സമ്മാനിച്ചുകൊണ്ട്.“പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം!“

എനിക്ക് മടങ്ങിപ്പോകണം...

എനിക്ക് മടങ്ങിപ്പോകണം..കാലചക്രം തിരിച്ചുകൊണ്ട്,കശുമാവിങ്കൊമ്പത്തെ ഊഞ്ഞാലില്‍ ഒന്നുകൂടിരിക്കണം...നിന്നെയുമാട്ടണം..അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പം അടികൂടിത്തിന്നണം.....മതിലില്‍ കരികൊണ്ട് വരച്ചതിന് അച്ഛന്റെ അടി ഒന്നുകൂടി വാങ്ങണം..ജനലിന്റെ ചില്ലുപൊട്ടിച്ചത് അച്ഛന്‍ വരുമ്പോള്‍ പറഞ്ഞു കൊടുക്കാതിരിക്കാന്‍ നിന്റെ പിന്നാലെ നടക്കണം....ഓരോന്ന് പറഞ്ഞ് ചൂട്ടുകാട്ടി നിന്നെ ദേഷ്യം പിടിപ്പിച്ച് ഓടി രക്ഷപ്പെട്ട് മുറിയില്‍ കയറി വാതിലടയ്ക്കണം...അടയ്ക്കാന്‍ മറന്ന ജനല്‍പ്പാളിയിലൂടെ നീ പല്ലിളിച്ചുകാട്ടുന്നതും വടി എത്തിച്ച് അടിക്കാന്‍ ശ്രമിക്കുന്നതും....അച്ഛനും നീയും കടയില്‍ പോവുമ്പോള്‍ അച്ഛനെ മണിയടിച്ച് മിഠായി വാങ്ങിപ്പിക്കാന്‍ പറയണം.....നിന്റെ യൂണിഫോം ഇസ്തിരിയിട്ടുതരണം....നീ സ്കൂളില്‍ പോവാന്‍ നേരത്ത് ചന്ദനം ചാലിച്ച് തൊടുവിക്കണം...ഹോംവര്‍ക്കില്‍ സഹായിക്കണം...പരീക്ഷയ്ക്ക് മുന്‍പ് അവസാനവട്ടം ഒന്നുകൂടെ ചോദ്യം ചോദിച്ചു വിടണം.....പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ മാര്‍ക്ക് കണക്കുകൂട്ടണം...അമ്മ വീട്ടിലില്ലാത്ത സമയത്ത്, ഉച്ചയൂണിഷ്റ്റപ്പെടാതെ പിണങ്ങിപ്പോയ നിന്നെ തിരിച്ചുവിളിച്ച് ചപ്പാത്തിയുണ്ടാക്കിത്തരണം....നിന്റെകൂടെയിരുന്ന് ക്രിക്കറ്റ് കാണണം...നിറയെ പീലികളുള്ള ആ കണ്ണുകളില്‍ ഒന്നുകൂടി മുത്തമിടണം...നീണ്ട ആ കൈവിരലുകള്‍ ഒന്നുകൂടി ചേര്‍ത്തുപിടിക്കണം.....പിണങ്ങുമ്പോള്‍” എന്താടാ ചുണ്ടത്ത് തെങ്ങിന്‍ തൈ വയ്ക്കാലോ ഇപ്പോ” എന്ന് അമ്മയെക്കൊണ്ട് പറയിക്കുന്ന നിന്നെ ഒന്നുകൂടിക്കാണണം...രാത്രി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പൂവാലന്മാരില്‍ നിന്നും ഒരു രക്ഷയായി ആ കൊച്ചുകൈകള്‍ ഒന്നുകൂടി എന്നെ വലയം ചെയ്യണം....കറികള്‍ക്കുപ്പു പോരെന്ന് ഒന്നു കൂടി എന്നെ കുറ്റപ്പെടുത്തണം....അനാവശ്യമായി പൈസ ചെലവാക്കുന്നതിന് ഒന്നുകൂടി ‘കൊച്ചുകാര്‍ന്നോരു’ടെ ആ താക്കീത് കേള്‍ക്കണം.....

ഷാരടിക്കുടി.

ഇന്ന് ‘ഷാരടിക്കുടീ‘ടെ കരാറെഴുത്വാണ്...അച്ഛന്‍ അത് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അച്ഛന് ബോംബെയ്ക്ക് ട്രാന്‍സ്ഫറായതിന് ശേഷം, അത് നേരാംവണ്ണം നോക്കി നടത്താനാളില്ല..അന്യര്‍ കയറി നിരങ്ങുന്നൂന്ന സങ്കടം ഇതോടെ തീരും..പക്ഷേ, ആ പറമ്പ്, അതുമായുള്ള ഞങ്ങളുടെ ആത്മബന്ധം-ഇതൊന്നും മരിച്ചാലും തീരില്ല.ഒരു കൈലാസം പോലെയുള്ള ശിവക്ഷേത്രത്തോട് ചേര്‍ന്നുള്ള 92 സെന്റ് ഭൂമി. നിറയെ കാട്ടുപൂക്കളും, തെങ്ങുകളും, 3 മാവുകളും, 2 പ്ലാവുകളും കവുങ്ങും എന്തിന് കറിവേപ്പില പോലും സ മൃദ്ധമായി വളരുന്ന, നിറയെ പുല്ലുകളോടു കൂടിയ എങ്ങും പച്ചപ്പാര്‍ന്ന വലിയ പറമ്പ്...ശിവക്ഷേത്രം- പടിഞ്ഞാട്ട് ദര്‍ശനമുള്ള ഉഗ്രമൂര്‍ത്തിയായ പരമശിവന്‍ ഉപദേവതകളില്ലാതെ നിലകൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ ചിറങ്ങര ശിവക്ഷേത്രം..ഇവിടത്തെ പ്രദക്ഷിണം മാറ്റാത്ത വ്യാധികളില്ല..വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവാനെക്കുറിച്ചു പഴമക്കാര്‍ക്ക് പറയാനേറെ...ഒരിക്കല്‍ ദുരമൂത്ത ഒരന്യജാതിക്കാരന്‍ പാതിരയ്ക്ക് ക്ഷേത്രത്തിനകത്ത് കയറി, തിടപ്പള്ളിയിലെ പാത്രങ്ങളും മറ്റും മോഷ്ടിച്ചിട്ട്, പുറത്തേയ്ക്ക് കടക്കവേ, ഒരു കാള മുന്നില്‍ വന്നു വഴിതടഞ്ഞെന്നും, പാത്രക്കള്ളന്‍ പുലരുവോളം പ്രജ്ഞയറ്റ് അതേനില്പു നിന്നെന്നും, പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടിയെന്നുമുള്ളതു പഴയ കഥ.അമ്മയുടെ കുടുംബസ്വത്തിലെ വീതം വിറ്റിട്ട്, ഞങ്ങളുടെ വീടിനടുത്തുള്ള നാരായണന്‍ഷാരടിയില്‍ നിന്ന് വാങ്ങിയത് ആയതിനാല്‍ അതിന് ഷാരടിക്കുടി എന്ന പേര് വീണു.നാരായണന്‍ഷാരടി മെലിഞ്ഞുനീണ്ട അന്‍പതിനപ്പുറം പ്രായമുള്ള ഒരു ശുദ്ധനാണ്-അമ്പലത്തില്‍ മാലകെട്ടലാണ് ജോലി. വെള്ളമുണ്ടുടുത്ത്, സൈക്കിളില്‍ യാത്രചെയ്യുന്ന അദ്ദേഹത്തെ ഞാന്‍ നന്നായോര്‍ക്കുന്നു..അദ്ദേഹത്തിന്റെ ഭാര്യ ഷാരസ്യാരമ്മ മുഖം വെളുക്കെ ചിരിയും അതിനെ വെല്ലുന്ന തരത്തില്‍ പൌഡറും പൂശി, കാല്‍ വളച്ചും ചരിച്ചും ഒരു പ്രത്യേകരീതിയില്‍ നടന്നിരുന്ന, നരച്ചുതുടങ്ങിയ ചുരുണ്ടമുടിയോടു കൂടിയ ഒരു സ്ത്രീയായിരുന്നു..അദ്ദേഹത്തിനു 2 പെണ്‍കുട്ടികളായിരുന്നു. മൂത്തയാള്‍ നല്ല ഉയരമുള്ള ഒരു സുന്ദരിച്ചേച്ചി...വിവാഹം കഴിഞ്ഞു. ഇളയ കുട്ടി അല്പായൂസ്സായിരുന്നു - വളരെ ശോഷിച്ച്, ഒരുകയ്യില്‍ ആറുവിരലോടുകൂടി, പഠനത്തില്‍ അതിസമര്‍ത്ഥയായിരുന്ന ആ കുട്ടി പത്താംക്ലാസ്സില്‍ വെച്ചാണ് മരിച്ചത്..അവരിപ്പോള്‍ ഞങ്ങളുടെ പറമ്പിനോട് ചേര്‍ന്നുള്ള വീട് വിറ്റ്, തൃശ്ശൂര്‍ക്കെങ്ങോട്ടോ താമസം മാറ്റിയത്രേ..അവര്‍ താമസിച്ചിരുന്നപ്പോള്‍ വേലിക്കല്‍ നിറയെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു...അവയില്‍ നിന്നു കോളാമ്പിയും ചെമ്പരത്തിയും മറ്റും ഞങ്ങള്‍ പറിക്കാറുണ്ടാ‍യിരുന്നു...വടക്കുകിഴക്കേ അതിര്‍ത്തി ചിറയായിരുന്നു....ക്ഷേത്രംവക ചിറ..ഭഗവാന്‍ നീരാടുന്ന ചിറ...അയല്പക്കത്തെ പറമ്പുകള്‍ കടന്നും, നാട്ടുവഴികളിലൂടെയുമാണ് ഞങ്ങള്‍ ഈ പറമ്പിലേക്കും ക്ഷേത്രത്തിലേയ്ക്കുമൊക്കെ വരാറ്..മെയിന്‍ റോഡിലൂടെയുള്ള സഞ്ചാരം നന്നേ കുറവായിരുന്നു. പറമ്പില്‍ തേങ്ങയിടീക്കാന്‍ അച്ഛന്‍ ഞങ്ങളെക്കൂടെ കൂട്ടുക പതിവാണ്. തേങ്ങ പെറുക്കിയിടുന്നതില്‍ അച്ഹനെ സഹായിച്ചാല്‍ വേണ്ടുവോളം കരിക്ക് കുടിക്കാമെന്നതായിരുന്നു ഞങ്ങള്‍ മൂവരുടെയും നിരുപദ്രവകരമായ സ്വാര്‍ത്ഥതാത്പര്യം.;-)പിന്നെ മാങ്ങ പറിക്കലായി..പറമ്പിന്റെ ഗേറ്റിനോട് ചേര്‍ന്നുള്ള മാവിന്റെ ശിഖരങ്ങള്‍ വളരെ താഴ്ന്നവയാണ്..അച്ഛനും മണിക്കുട്ടനും കയറി പറിച്ചിടുന്ന കണ്ണിമാങ്ങകള്‍ പെറുക്കിക്കൂട്ടി ഞാനും രഞ്ജുവും സഞ്ചികള്‍ നിറച്ചിരുന്നു...എന്നിട്ട് ചെറിയൊരുപങ്ക് അയല്വാസികള്‍ക്കും കൊടുത്തിട്ട് വീട്ടിലേയ്ക്ക്...അവിടെ അമ്മ 3 വലിയ ഭരണീകളിലായി കടുമാങ്ങ നിറയ്ക്കും...പിന്നെ അമ്മയ്ക്ക് ഒരാഴ്ചത്തേയ്ക്കുള്ള കറിവേപ്പിലയും പറിച്ചുകൊണ്ടു കൊടുത്തിരുന്നു...പറമ്പില്‍ പെറുക്കിക്കൂട്ടിയിരിക്കുന്ന തേങ്ങകളില്‍ ഒരു പങ്ക് ക്ഷേത്രത്തിലേയ്ക്കാണ്...ഭഗവാന്റെ നിവേദ്യത്തിന് വേണ്ട തേങ്ങകള്‍ ന്യായവിലയ്ക് ശാന്തിക്കാരന്‍ അച്ഹനില്‍ നിന്നും വാങ്ങിയിരുന്നു.പറമ്പില്‍ 2 കിണറുകളും അവയോട് ചേര്‍ന്ന് മോട്ടോര്‍ഷെഡുകളുമുണ്ട്..5 ന്റെ മോട്ടോര്‍ ആണെന്നൊക്കെ അച്ഛന്‍ അമ്മയോട് ഇടയ്ക്കിടെ വീരവാദം മുഴക്കുന്നത് കേള്‍ക്കാം..ഏതായാലും അച്ഛന്റെയോ അമ്മയുടേയോ കൂടെയല്ലാതെ ഞങ്ങളെ അങ്ങോട്ട് വിടാറില്ല...പലപ്പോഴും അവിടവിടെയായി കരിമൂര്‍ഖനെ കണ്ടവരുണ്ടത്രേ..!! അച്ഛനും അച്ഛച്ഛനുമൊക്കെ കണ്ടിട്ടുണ്ടത്രേ..ഓണത്തിന് തുമ്പക്കുടം പറിക്കാന്‍ സ്ച്കൂള്‍ ഗ്രൌണ്ടില്‍ ഇടിയാവുമ്പോള്‍ ഞങ്ങള്‍ സമാധാനത്തോടെ പൂ പറിക്കാന്‍ ഇവിടെ എത്താറുണ്ട്..കസിന്‍സിനെയും കൂട്ടിക്കൊണ്ട്...റോസ് നിറത്തിലുള്ള ഒരു പ്രത്യേകതരം കാട്ടുപൂ മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല...അതും സ മൃദ്ധമായി.. കൈവരികെട്ടാത്ത കിണറ്റിലേയ്ക്ക് തലനീട്ടുന്ന കാട്ടുപൂക്കള്‍...കിട്ടുന്ന മാമ്പഴത്തില്‍ പകുതിയും അവിടെ വെച്ചു തന്നെ, കിണറ്റിനോട് ചേര്‍ന്നുള്ള ടാങ്കിലെ വെള്ളത്തില്‍ കഴുകിയെടുത്ത് ഞങ്ങള്‍ ശാപ്പിട്ടിരുന്നു..അപ്പഴേയ്കും ദാ സന്ധ്യയായി......ക്ഷേത്രത്തിലെ റെക്കോര്‍ഡ് കേട്ടുതുടങ്ങി....ഭക്തജനങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി..ഇനീപ്പൊ അവര്‍ടെയൊക്കെ മുന്നിലൂടെ മാങ്ങാച്ചുന വീണ മുഖവും പഴയ ഉടുപ്പുമായി എങ്ങനെ വീട്ടിലെത്തും....ക്ലാസ്സില്‍ പഠിക്കുന്ന വല്ല ചെക്കന്മാരുമുണ്ടെങ്കില്‍ തീര്‍ന്നു.......പതിവുഭക്തര്‍ടെ വക ചോദ്യങ്ങളും....എന്താ ഈയിടെയായി അമ്പലത്തിലേയ്ക്കൊന്നും കാണാരില്ല്യാലോ...തൊട്ടുമുന്‍പില്‍ കിടന്നിട്ടും മടിയാണെന്ന് പറയാന്‍ പറ്റുഓ? ഹഹ...ഒരു ചിരിയില്‍ ഒതുക്കും എന്റെ ഉത്തരം പലപ്പോഴും......:-)താളിതേയ്ക്കാനുള്ള കുറുന്തോട്ടിയും, കീഴാര്‍നെല്ലിയും; പൊട്ടുതൊടാനുള്ള മുക്കൂറ്റിയും; കര്‍ക്കിടകമാസത്തില്‍ ശ്രീഭഗവതിക്ക് വെയ്ക്കാനും തലയില്‍ചൂടാനുമുള്ള പത്തുപൂ പറിക്കാനുമൊക്കെ ഞങ്ങള്‍ ഇവിടെ എത്തിയിരുന്നു...3 തട്ടുകളായി കിടന്നിരുന്ന പറമ്പിന് എന്തെന്നില്ലാത്ത ഒരു ഐശ്വര്യമാണു..വയസ്സുകാലത്ത്, അവിടെ ഒരു നാലുകെട്ട് പണിതിട്ട്, താനുള്‍പ്പെടേയുള്ള ‘ആന്റിക് പീസസ്’ ‘ അങ്ങോട്ട് താമസം മാറ്റുമെന്ന് അമ്മ ഇടയ്ക്കിടെ കളിയായി പറയാറുണ്ടായിരുന്നു...ഒന്നോര്‍ത്താല്‍ ശരിയാണ്, നോക്കിനടത്താന്‍ കഴിവും സൌകര്യോം സമയോം ഉള്ള ഒരാളെ ഏല്‍പ്പിക്കണതു തന്ന്യാ..എന്തുകൊണ്ടും നല്ലത്...തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ അച്ഛനോ ഞങ്ങള്‍ക്കോ എവിടെ സമയം? പിന്നെ അച്ഛച്ഛനാണെങ്കില്‍ വേണ്ടതിലധികം ജോലി ഇപ്പഴേ ഉണ്ട്...അങ്ങനെ എന്റെ കുട്ടിക്കാലത്തിന് തന്റേതായ ചില വര്‍ണത്തൂവലുകള്‍ സമ്മാനിച്ച ഷാരടിക്കുടിയും അന്യമാവുകയാണ്.........

കണ്ഠേ കാളാത്മജേ ദേവി...


“കണ്ഠേ കാളാത്മജേ ദേവീകണ്ഠേ കാളി മഹേശ്വരീഭഗവത്യഖിലാധീശേഭദ്രകാളീ നമോസ്തുതേ“.

രാധാമാധവം.

“രാധേ പറഞ്ഞാലും, വനമാലക്കോ പീലിത്തിരുമുടിക്കോ ഇന്നേറെ ഭംഗി?”
“രണ്ടിനുമല്ലെന്റെ മുന്നില്‍ ചിരിക്കുമീ അമ്പാടിക്കണ്ണനാനേറെ ഭംഗി.”

ഒരു ബസ് യാത്രക്കാരിയുടെ പരിദേവനം.

പാറിപ്പറക്കുന്ന മുടിയുമായി യാത്ര ചെയ്യുന്നവര്‍ മറ്റുള്ളവരെ എത്രമാത്രം അലോസരപ്പെടുത്തുന്നു....കൂടുതല്‍ മലയാളികള്‍ ബ്ലോഗ്ഗര്‍ ഉപഭോക്താക്കള്‍(?) ആയതിനാല്‍ യാഹൂബ്ലോഗില്‍ നിന്നും എടുത്തിവിടെ ചേര്‍ക്കുന്നു.Loose hair in Bus. Entry for May 09, 2006 “Excuse me..could you please put your hair to the front..?” this is a familiar plea made in almost all buses in our country, especially in Kerala.It is indeed frustrating to travel with girls with loose hair in a bus. How many times one has to tell them its disturbing to have the hair touching others’ faces..I wonder sometimes why don’t people adopt hairstyles respecting the others around them. Eg:-Long haired can neatly plate it ,the short haired can make a pony tail as well.I really pity those women who board the bus like modeling for a shampoo-ad, as if all are looking at the scintillating mesmerizing beauty of their loose hair….I have noticed some does not even bother about other’s requests and continuing the kinda showing off, taking them for granted- even the ‘so-called’ educated ladies do that!!Of course it falls under each one’s individual freedom to choose their own hairstyles. But we all should be considerate about the society as well.I really admire long hair. It indeed adds to a woman’s beauty(Beautiful eyes and hair make a typical Indian beauty!;-)..am I right? ). But the proper hairstyle suitable to each occasion will just add to it. Why don’t people understand the co-passengers are not the spectators of any beauty contest? Malayali ladies-of course there are exceptions, fine-have a general wrong notion that the loose hair give them a traditional malayali look. But I really do not understand why do they want to project that look even in the rush in the bus in peak hours!! It is none other than sheer nuisance to the fellow passengers.

ഇന്ന് വൈശാഖത്തിലെ ഏകാദശി.

കണ്ണാ‍,അന്നു കണ്ടിട്ട് മതിയായില്ല എനിക്ക്. കുറേയേറെ പറയാനുണ്ടായിരുന്നു..പക്ഷേ കണ്ടപ്പോള്‍ ഒന്നും പറയാന്‍ പറ്റിയില്ല..നിന്നെക്കാണുമ്പോള്‍ എല്ലാം മറന്ന്, ഒരു തരം സ്വര്‍ഗ്ഗീയാനുഭൂതിയാണ്. എന്താ എന്റടുത്ത് വരാതിരുന്നെ? അമ്പലത്തില്‍ നിന്നും വരുന്ന അച്ഛമ്മ തരുന്ന വെണ്ണതിന്നുമ്പോള്‍, നിന്റെ കൈപിടിക്കുന്ന സുഖാ...:-)പൂജാരിയുടെ ‘ഏകാദശിക്കുട്ടീ” ന്ന വീശേഷണം എന്നെ സുഖിപ്പിച്ചു...:-)ഇപ്പളും ഞാന്‍ നിന്റെ കൂട്ടുകാരിയല്ലേ? അതോ വലുതാവുന്തോറും എന്നെ ഇഷ്ടല്ലണ്ടായോ?നിന്റടുത്തെത്താനല്ലേ ഞാന്‍ ഏകാദശി നോക്കണെ? ന്നിട്ടും എന്തിനാ എന്നെയിങ്ങനെ കരയിക്കണെ? ഭഗവാന്‍ മാത്രേള്ളൂ എനിക്ക്...ഒന്നുവരൂ എന്റടുത്തേക്ക്.....ആ കാല്‍ക്കലെ ഒരു തുളസിയിലയായി ഒരു ജന്മം തരൂ......എനിക്ക് കൊതിതീരെ കാണാലോ....എനിക്കറിയാം ഇവിടെവിടെയോ എന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരിക്ക്യ്യാണെന്ന്...അന്നു ശീവേലിസമയത്ത് ഒരോടക്കുഴലും പിടിച്ച്, നീളന്‍ ഒറ്റമുണ്ടും തോളത്തിട്ട്, എന്നെ നോക്കിച്ചിരിച്ചത് അങ്ങായിരുന്നോ?ദീപാരാധന തൊഴുതിട്ട് ഞാന്‍ കിഴക്കേനടയില്‍ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍, മുന്നിലിരുന്ന് എന്നെ നോക്കി ചിരിച്ച ആ കുട്ടിയും അങ്ങായിരുന്നോ?അത്താഴപ്പൂജ തൊഴാന്‍ കഴിയാത്ത സങ്കടതിലിങ്ങനെ അച്ഛന്റേം അമ്മേടേം അടുത്ത് നില്‍ക്കുമ്പോള്‍ അടുത്തു വന്നു ‘മുഴുനീളം ഇവിടെത്തന്നെ ഇരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാരല്ല്യാ‍..ഭഗവാങ്കല്‍ മനസ്സര്‍പ്പിക്കലാണു യഥാര്‍ത്ഥ ഭജന’ യെന്ന് പറഞ്ഞ മദ്ധ്യവയസ്കനായ ദേവസ്വമധികാരിയും അങ്ങായിരുന്നില്ലേ?പാല്പായസം കുടിച്ചുകൊണ്ട് ഊട്ടുപുരയുടെ പടികളിലിരുന്നപ്പോള്‍ ഏറെ നേരം സൂക്ഷിച്ച് നോക്കിയ വ്രൂദ്ധനും അങ്ങായിരുന്നില്ലേ? എന്താ ഇങ്ങനെ ഒളിച്ചിരിക്കണെ....ഇലകള്‍ പോലും ‘നാരായണ’ ജപിക്കുന്ന ആ അന്തരീക്ഷം...കാണുന്നതൊക്കെ നീയാണെന്ന തോന്നല്‍..... പരമാനന്ദത്താല്‍ ന്രിത്തം വയ്ക്കുന്ന മനസ്സ്.....ഇന്നും ഏകാദശി..പുണ്യമാസമായ വൈശാഖത്തിലെ... ആ കിങ്ങിണിയൊച്ചയ്ക്കായി കാതോര്‍ത്തു കൊണ്ട്, ആ ഉടയാട ഉലയുന്ന ശബ്ദത്തിനായി, അവിടുത്തെ വിളിക്കായി കാതോര്‍ത്തുകൊണ്ട്,സ്വന്തം കൂട്ടുകാരി.

അയല്‍ക്കാരി.

The first time I met her was somewhere in the pocket roads in our village-the road leading to the river...with some luggage in her hand, in the traditional malayali off-white attire, the tall and fat lady in her early seventies, with a boy’s haircut,with her loud laugh, spreading light and warmth around like a candle, with her innocent smile -least to say, I loved her pleasant aura! :)What I still wonder is on her cosmopolitan outlook towards life, though she has never spent any part of her life in cities!! She enjoys the emotional freedom and a kinda spirituality which is really a phenomenal one!Her name is Baby- a widow- quite alone in her life but with some distant relatives. She stays alone in a small house beside the river.The first encounter with her occurred when we-myself, Anju, Ranju,Aswathy and Manikkuttan – visited the old temple beside the river. The temple was near to an Illam(a malayali Brahmin house) and it needs only 10-15 minutes of walk from our home to reach there.That is a Krishna temple, but well known for the powerful Ganesha deity there!! The convenient negligence of Devaswam made several bushes to survive in the temple premises-even in the ‘pradakshina patha’. But I really love that eco-system with the greenery very rare these days..The smell of various unknown ayurvedic plants and the sound of the river flowing( there are many rocks in that area) would take us in to some heavenly peace!That day when we came out of the temple, this old lady was standing outside collecting some ayurvedic plants..She was in a traditional mallu village attire, but her innocent smile with bundles of energy in it attracted me to her. She asked us:”You belong to which house?”I, the eldest in the group mentioned our housename in the certificates!!The lady failed to figure out the same..Seeing her jogging her memory, my brother Manikkuttan broke the ice..”We are from Naaga-yakshi-pparampu”!!----- story behind this is: There was a sarppakavu(snake-god’s abode) in my dad’s ancestral home, which villagers respected a lot!That was relocated to our family temple during my Dad’s childhood, as one of the uncles wanted to possess that land!And thus was the name ‘Naagayakshipparampu’(meaning ‘the place where snake goddess lives’)---We wondered how this guy came to know bout all these…yes!!He always did beat me in commonsense!!The old lady’s face lit –up!! “Wow!! My sweet boy!! Good, children ….we are distant relatives!!”Manikkuttan had his head touching the sky, beeming with such a self confidence and proud of the admiration from a stranger! He looked us like a winner! I felt envy of him...and it turned to a proud feeling that my brother is jus a smart boy!!JWe narrated the story at home and Mom and grandma admired Manikkuttan..Mom told” This lady is a very nice character and I am seeing her for the first time when she visited us in that hospital the time Manikkuttan was born”!I started noticing that different confident personality from those days!Then I met her in many social gatherings in our village like housewarming ceremonies, marriages etc..Yes , we gradually developed a kinda emotional attachement, though differ by ages!!Whenevr we met, I adored her for her loud laugh and friendly disposition.A sympathy towards an old lady staying alone was overruled by the admiration towards an energetic , buoyant, knowledgeable, diplomatic old lady.It was two days after Vishu. This lady came home asking whether I am there to talk. Seeing me,She was happy saying”oh my dear sweetgal, its long we have met…”She spent around one hour at our home, chatting with my Mom, Grandma and me. I gave her my ‘Vishukkaineettam’. The lady was happy and blessed me.Another day , when I was back home after office, my mom told the lady has kept some books for me to read. Yeah, that was named ‘Neethisaaram’..!J I finished reading the book this morning- a really great collection of thoughts relevant for all ages and all times indeed!Now I got from where she is getting this much confidence in life. She is a voracious reader!!J Heard that she was a great dancer too at her times! A really admirable personality, whose friendship I treasure!!

എന്റെ സ്വപ്നത്തിലെ വാനപ്രസ്തം..:)Entry for April 26, 2006

എന്റെ ജീവിതത്തില്‍ ഗാര്‍ഹസ്ഥ്യത്തിനുമപ്പൂറം, വാനപ്രസ്ഥമെന്നൊന്നുണ്ടെങ്കില്‍ അതിങ്ങനെയാവണം............:)ഹിമാലയത്തിന്റെ താഴവരയില്‍‍, ഗംഗാനദിയുടെ തീരത്തായി ഒരു ആശ്രമം.മുളവടികളും കല്ലും മണ്ണും ഒക്കെ വച്ചു പണിത, ചാണകം മെഴുകിയ, പുല്ലു മേഞ്ഞ ഒരാശ്രമം. ആശ്രമത്തിന്റെ ഉമ്മറക്കോലായില്‍ ഒരു ഭസ്മപ്പാത്രം കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. നിറയെ വ്രുക്ഷങ്ങളും ചെടികളും-തുളസി, കൂവളം, ആര്യവേപ്പ്, ചന്ദനം,ചെമ്പകം, മുല്ല, റോസ,ചെമ്പരത്തി, തെച്ചി,അരയാല്‍, പേരാല്‍, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്...അരികിലായി ഒരു താമരക്കുളം-അതില്‍ പല നിറങ്ങളിലുള്ള താമരപ്പൂക്കള്‍-നീല, ചുവപ്പ്, വെള്ള...അന്തരീക്ഷത്തിലെങ്ങും ഓംകാരം മുഴങ്ങിക്കേള്‍ക്കുന്നു.....തെളിഞ്ഞ നീലാകാശം..എങ്ങും പക്ഷിമ്രുഗാദികളുടെ കളകളാരവങ്ങള്‍....അവിടെ, ഭൌതികസുഖങ്ങളെല്ലാം ഉപേക്ഷിച്ച്,പ്രാരാബ്ധങ്ങളില്ലാതെ, ഒരു സന്യാസിനിയുടെ ജീവിതം. ജീവിതാവസാനം വരെ കൂട്ടിന് ഗാര്‍ഹസ്ത്യം സമ്മാനിച്ച സാത്വികനായ ജീവിതപങ്കാളിയും....എഴരനാഴിക വെളുപ്പിന് ഉണര്‍ന്ന് ഗംഗാനദിയിലെ സ്നാനവും കഴിഞ്ഞ് നാമജപം, പേരിനുമാത്രമുള്ള സാത്വികഭക്ഷണം, തപസ്സ്, പൂജകള്‍...സകലജീവജാലങ്ങളൊടും കരുണയോടെ, സഹാനുഭൂതിയോടെ, മോക്ഷവും കാത്തു കഴിയുന്ന ആത്മാക്കളായി....അങ്ങനെ നിരവധി ആശ്രമങ്ങള്‍...നിരവധി യോഗിവര്യന്മാര്‍...ഒരു ദിവസം പുലര്‍ച്ചെ പരമമായ ശാന്തിയില്‍ ലയിച്ചുകൊണ്ട് സമാധി...ഇനിയങ്ങോട്ട് ജനിമ്രുതികളുടെ മായാലോകങ്ങളില്‍ അലയാതെ പരമാത്മാവില്‍ ലയനം...:)

നേപ്പാള്‍

It is indeed an admirable decision by King Gyanendra to reinstate Parliament of Nepal. The seven political parties have been in a republican mood, with the demonstrators defying the shoot-on-sight curfiew in Kathmandu. The King has not mentioned anything about the newly elected assembly to form a new constitution, though.He says:” We call upon the seven-party alliance to bear the responsibility of taking the nation on the path to national unity and prosperity, while ensuring permanent peace and safeguarding multiparty democracy”.His attitude is giving hope. The place where teargas, batons, rubber bullets had their roles against the protestors is now giving the boom of victory.The Maoist insurgency has taken around 13000 lives in Nepal, in the last 10 years, to achieve sovereignty. The King Gyanendra assumed powers in February 2005, saying the parties would be unable to deal with Maoist rebels. Though the sky is becoming clear, still some clouds of fear on the Maoist rebels prevails, as they are growing to be a well-organised guerilla army, worth inviting some intelligent military means to be controlled.Nepalese have a common mindset similar to that of a wife comparing and complaining about the car/washing machine next doors, to her husband! The only difference is that Nepalese are not asking anything more, just fed up with their plea for democracy, and they know their neighbour India has it in practice.Though the King had suggested the political parties to discuss and select a suitable prime minister for Nepal, the public is not at all happy with that. They say he is offering what he had taken away from them once. They no longer want the King to appoint or dismiss a Primeminister, a rubber stamp rather, at his pace. They are adamant that they will not be satisfied with anything less than a redrafted constitution and democracy.The lower house of the Nepal Parliament is to summon this Friday for reinstating the parliament.Hope their hue a cry wont go in vain and the monarchy will give its way to democracy, with a redrafted constitution, promising freedom and peace to all.Kudos to nepalese!!

വിഷു.

അങ്ങനെ അവനില്ലാതെ ഒരു വിഷു കൂടി കടന്നു പോയി.അഞ്ചു വര്‍ഷം മുന്‍പു വരെ വീട്ടിലും വിഷു ഒരുത്സവമായിരുന്നു. കണിക്കൊന്നകളുടെ പ്രസരിപ്പു മുഴുവന്‍ ആവോളം നെഞ്ചിലേറ്റിക്കൊണ്ടു ഞങ്ങള്‍ വിഷുവിനെ വരവേറ്റിരുന്നു. സ്കൂളുകളും കോളേജുകളും അടച്ചാല്‍ തറവാട്ടില്‍ ബഹളമയമാണ്. അന്നു അച്ചന്റെ വീട്ടില്‍ ഞങ്ങള്‍ 10 പേരക്കുട്ടികളായിരുന്നു....അതില്‍ത്തന്നെ ഞങ്ങളേഴുപേര്‍ തറവാടിന്റെ അടുത്തു താമസിച്ചിരുന്നതിനാല്‍, ഒരാത്മാവുംപല ശരീരവുമെന പോലെയായിരുന്നു. അതിരാവിലെ കുളിയൊക്കെ കഴിഞ്ഞ് അഞ്ജുവൂം അശ്വതിയും വീട്ടിലെത്തും. അവിടെ നിന്നു ഞാനും രഞ്ജുവൂം മണിക്കുട്ടനും അവര്‍ക്കൊപ്പം തറവാട്ടിലെയ്ക്ക് ...അവിടെ ഞങ്ങളെയും കാത്ത് ശ്രീക്കുട്ടനും ആതിരയുമുണ്ടാകും... റ്വടക്കേ പറമ്പില്‍ മൂവാണ്ടന്മാങ്ങയും പടിയന്മാങ്ങയും ചന്ത്രക്കാറന്‍ മാങ്ങയും കോട്ടമാങ്ങയും നാട്ടുമാങ്ങയും പ്രിയൂരിമാങ്ങയും ആസ്വദിച്ചുകൊണ്ടു ഞങ്ങള്‍ വിഷുവിനെ വരവേറ്റു.ഇടയ്ക്കു അച്ചച്ചന്റെ വിളി കേള്‍ക്കാം...തൊഴുത്തിനോടു ചേര്‍ന്നുള്ള ഉരല്‍പ്പുരയില്‍ നിന്നാണ്. അവിടെ ചക്ക മുറിക്കുകയാവും. പറമ്പിന്റെ വടക്കുപടിഞ്ഞാറെ കോണിലുള്ള തേന്‍ വരിക്കപ്ലാവിന്റേതാണ്. വലിയ തേനൂറുന്ന ചുളകളും വലിപ്പത്തില്‍ ചുളകളോടു മത്സരിക്കുന്ന ചവിണികളുമുള്ള ചക്കകള്‍ ആ പ്ലാവിന്റെ മാത്രം പ്രത്യേകതയായിരുന്നു.വിഷുവിന് ഉപ്പേരിക്കു വേണ്ടി പച്ചച്ചക്ക ചവിണി കളഞ്ഞെടുക്കുന്നതു ഞങ്ങള്‍ കുട്ടികളുടെ ജോലിയായിരുന്നു.:-)ആ ജോലി കഴിഞ്ഞാലുടന്‍ കശുമാവിന്റെ ചുവട്ടിലേയ്ക്കു ഓടുകയായി...കശുവണ്ടി ഉരിഞ്ഞെടുത്തു സൂക്ഷിച്ചിട്ടു, കശുമാങ്ങ ഈര്‍ക്കിലിയില്‍ കോര്‍ത്തെടുക്കും....പശുവിനു കൊടുക്കാനാണ്...നിലത്തു വീണു കിടക്കുന്ന കശുമാങ്ങ തിന്നാ‍ന്‍ കൊള്ളില്ല.ഉച്ചയൂണു കഴിഞ്ഞ്, മൂന്നു കല്ലുകള്‍ മുറ്റത്തു കൂട്ടി അടുപ്പുണ്ടാക്കി ഞങ്ങള്‍ കശുവണ്ടി ചുട്ടെടുത്തിരുന്നു....:)അങ്ങനെ വിഷുവിന്റെ തലേന്നു വൈകുന്നേരം..നിലവിളക്കും ഓട്ടുകിണ്ടിയുംഓട്ടുരുളിയും എല്ലാം ഞങ്ങള്‍ കുട്ടികളായിരുന്നു തേച്ചുമിനുക്കിയിരുന്നതു..മണലും പുളിയും ഒക്കെ ചേര്‍ത്ത്....:-)അച്ചന്‍ വൈകുന്നേരം വരുമ്പോള്‍ പടക്കവും കമ്പിത്തിരിയും മത്താപ്പും എല്ലാം വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടാവും...രാത്രി കിടക്കുന്നതിനു മുന്‍പൂ അച്ചന്‍ അറയ്ക്കകത്ത് (പൂജാമുറിയില്‍) കണി ഒരുക്കുകയായിരിക്കും...വെള്ളരിക്കാസുന്ദരിയെ കിണ്ടിയില്‍ നിര്‍ത്തി, കോടിമുണ്ടൊക്കെ ഉടുപ്പിച്ചു, സ്വര്‍ണമാലയൊക്കെ ചാര്‍ത്തി,ഉരുളിയില്‍ നിറയെ കൊന്നപ്പൂവും അരിയും നാണയവുമൊക്കെയായി..., അരികിലായി ഉണ്ണിക്കണ്ണന്റെ ചന്ദനം ചാര്‍ത്തിയ പ്രതിമ വെച്ച്.....ചക്കയും മാങ്ങയുമെല്ലാം നിരത്തി വെച്ച്....വിഷുപ്പുലരി...അച്ചന്‍ ആദ്യമുണര്‍ന്നു വിളക്കു കൊളുത്തും...അതു കഴിഞ്ഞ് അമ്മയെ വിളിച്ചുണര്‍ത്തും....അവരിരുവരും കൂടി ഞങ്ങളെ മൂന്നുപേരെയും വിളിചുണര്‍ത്തും...കണ്ണു രണ്ടും പൊത്തിപ്പിടിച്ചു...അതാ വിരലുകള്‍ക്കിടയിലൂടെ എനിക്കു ചെറിയ പ്രകാശം കാണാം....അമ്മ കൈ മാറ്റുന്നു..ഉണ്ണിക്കണ്ണന്‍ കള്ളച്ചിരിയുമായി കണ്മുന്നില്‍.....:-)ചന്ദനത്തിരിയുടെയും എണ്ണയുടെയും സുഗന്ധം....അച്ചന്‍ വിഷുക്കൈനീട്ടം തരികയായി.....ഒരു രൂപാനാണയമാണ് അച്ചന്റെ കണക്ക്...പിന്നെ പടക്കം പൊട്ടിക്കല്‍, പടക്കത്തിനും കമ്പിത്തിരിക്കുമിടയില്‍ നാല്‍പ്പതുകളിലും നാലുവയസ്സുകാരനാകുന്ന അച്ചന്‍!! :-)പിന്നെ കുളിയൊക്കെ കഴിഞ്ഞു തറവാട്ടിലേയ്ക്കു....അവിടത്തെ കണി കാണല്‍, പടക്കം പൊട്ടിക്കല്‍, അച്ചച്ചന്റേയും മറ്റു മുതിര്‍ന്നവരുടേയും വിഷുക്കൈനീട്ടം, ക്ഷേത്രദര്‍ശനം, അച്ചമ്മയുടെ കൈകൊണ്ടുള്ള പ്രാതല്‍, കളികള്‍, അടുക്കളയില്‍ ചില്ലറ സഹായങ്ങള്‍, തളത്തില്‍ എല്ലാരുമൊന്നിച്ച് ചമ്രം പടിഞ്ഞിരുന്നുള്ള വിഷുസദ്യ, കളികള്‍....വൈകീട്ട് അമ്മയുടെ വീട്ടിലേയ്ക്കുള്ള യാത്ര, അവിടെ എല്ലാരുമൊന്നിച്ചുള്ള വിഷു ആഘോഷം....എല്ലാമെല്ലാം കന്മുന്നില്‍ തെളിയുന്നു........ഇന്നലെയെന്നോണം...2001 ലെ വിഷു!! ആദ്യമായും അവസാനമായും ഞാന്‍ മണിക്കുട്ടനു കൈനീട്ടം നല്‍കി! അവന്‍ ചോദിച്ചു വാങ്ങൂകയായിരുന്നു.....മഞ്വേച്ചിക്കു ജോലി കിട്ടുമ്പ്ഴേക്കും വാങ്ങാന്‍ അവനുണ്ടാകില്ലെന്ന്‍ ഒരു സൂചനയായിരുന്നില്ലേ അത്? ഏപ്രിലും, പൂത്തുലഞ്ഞ കണിക്കൊന്നകളും വേര്‍പാടിന്റെ വേദന ഉണര്‍ത്തുമ്പോള്‍ കണ്ണുകളടച്ചു ഞാന്‍ പോയ്മറഞ്ഞ ഓര്‍മളോടു സന്തോഷത്തിന്റെ കണികകള്‍ കടം ചോദിക്കാറുണ്ട്..ആവുന്ന ഒരു വിഷുക്കൈനീട്ടം കണക്കെ അച്ചനുമമ്മയ്ക്കും വെച്ചു നീട്ടാന്‍.....ഇത്തവണ വിഷുവിനു ഉണര്‍ന്നപ്പോള്‍ വൈകി...ആഘോഷമൊന്നുമില്ലാത്തതിനാലും, തലേന്നു ഏറെ വൈകി ഉറങ്ങിയതിനാലും.കണ്ണുകള്‍ അടച്ചു തനിയെ പൂജാമുറിയില്‍ പോയി തൊഴുതു ....അമ്മ നിലവിളക്കു കൊളുത്തിവെച്ചിട്ടുണ്ടായിരുന്നു......അച്ചന്‍ പത്രം വായിക്കുന്നു...അനിയത്തി പരീക്ഷ പ്രമാണിച്ചു ഹോസ്റ്റലില്‍ തന്നെ....സൂര്യോദയത്തിനു ശേഷമുള്ള ക്ഷേത്രദര്‍ശനം ഇഷ്റ്റമല്ലാത്തതിനാല്‍ മടി പിടിച്ചിരിക്കുമ്പോള്‍, കാറുമായി ചെറിയച്ചന്റെ വരവ്...”നീ അമ്പലത്തിലേക്കുണ്ടോ?” എന്ന ചോദ്യത്തിനു ഇല്ലാന്നു പറായാന്‍ തോന്നിയില്ല....ഇനീപ്പൊ നല്ലോരു ദിവസായിട്ട് ഉണ്ണിക്കണ്ണന്‍ എന്നെ കാണാതെ വിഷമിക്കണ്ടാലോ....അവിടെ ചെന്നു ...കണ്ണന്റെ നേദ്യമായിരുന്നു...ഒക്കെ കഴിഞു ഭഗവതിയെയും തൊഴുതു അടുത്തുള്ള ശിവക്ഷേത്രത്തിലും തൊഴുതിട്ടു കസിന്‍സിനെയും കൂട്ടി വീട്ടിലെത്തി.....:)വീട്ടില്‍ വിഷു ഇല്ലെങ്കിലും പാവം വയസ്സായ അച്ച്ച്ചനെം അച്ചമ്മെം സഹായിക്കാന്‍ ഞ്ങള്‍ തറവാട്ടിലെയ്ക്കു പോയി...എല്ലാവര്‍ക്കും വിഷുക്കൈനീട്ടം കൊടുത്തു...ജോലി കിട്ടിയ ഒരേ ഒരു ചേച്ചിയല്ലേ...വിക്ര്തിപ്പിള്ളേര്‍ ചോദിച്ചു വാങ്ങി!!...കാലം പോയ പോക്കേ...ശിവ ശിവ...!! വിഷുവിന്റന്നു കിട്ടുന്ന ഒറ്റരൂപാനാണയത്തിന്റെ മഹിമയുണ്ടോ ഈ തലമുറയിലെ ചട്ടമ്പികള്‍ക്കു മനസ്സിലാകുന്നു.....അവിടെ തേങ്ങപിഴിയല്‍, ഇഞ്ചിചതയ്ക്കല്‍ തുടങ്ങിയ ചെറിയ ജോലികള്‍.....പിന്നെ ഉള്ളവരെല്ലാവരും തളത്തിലിരുന്ന്‍, പഴയ പോലെ ഒരു വിഷു സദ്യകൂടി....സാമ്പാര്‍, മാമ്പഴപ്പുളിശ്ശേരി , ചക്ക എരിശ്ശേരി, ഓലന്‍, പപ്പടം, അവിയല്‍, അച്ചാറുകള്‍, ഗോതമ്പുപായസം......അച്ചനുമമ്മയും സദ്യക്കു വരാന്‍ വിസമ്മതിച്ചതിനാല്‍ അവര്‍ക്കുള്ള ഊണ് ഞാന്‍ കാലേ കൂട്ടി വീട്ടിലെത്തിച്ചിരുന്നു....ഉച്ചയ്ക്ക് ശേഷം കുടുംബസദസ്സ്...:-)ഇളയ കുട്ടികളെ ഉപദേശിക്കല്‍ ഒക്കെയായി സമയം പോയി.....അങ്ങനെ ആര്‍പ്പും ആരവങ്ങളും കെട്ടടങ്ങിയ ഒരു വിഷു കൂടെ പടിയിറങ്ങി.വൈലോപ്പിള്ളി പാടിയതു പോലെ...ഏതു ദേശത്തു പോയാലും, ഏത് ഊഷരഭൂമിയില്‍ വാഴ്കിലും, മനസ്സില്‍ ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും മണവും മമതയും ഇത്തിരി കൊന്നപ്പൂ‍വും അവശേഷിക്കട്ടെ...........

മുല്ലപ്പെരിയാര്‍

നിലയ്ക്കാത്ത ദേവസംഗീതം.

അമ്മയുടെ ചലച്ചിത്രഗാനശേഖരം പരിചയപ്പെടുത്തിയ ഇഷ്ടഗാനങ്ങള്‍ ആരുടേതെന്നറിഞ്ഞതു എറെക്കാലത്തിനു ശേഷമാണ്. ഒഴിവുദിനങ്ങളിലെ ഉച്ചയൂണു കഴിഞ്ഞുള്ള ആലസ്യങ്ങളില്‍ ചുണ്ടിലും കാതിലും തത്തിക്കളിച്ചിരുന്ന വരികളും ഈണങ്ങളും ആകാശവാണിയിലൂടെ എനിക്കു ദേവരാജനെന്ന പ്രതിഭയെ പരിചയപ്പെടുത്തി. ഇന്നദ്ദേഹവും ഇതാ ഒരോര്‍മ്മയാകുന്നു.സംഗീതദേവത കനിഞ്ഞനുഗ്രഹിച്ച ഈ ഭാഗ്യവാന്‍ ഏകദേശം മുന്നൂറില്‍പ്പരം സിനിമകള്‍ക്കും നാല്‍പ്പതില്‍പ്പരം നാടകങ്ങാള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു.ജോലിയിലെ കാര്‍ക്കശ്യം പൂര്‍ണതയ്ക്കുവേണ്ടിയുള്ള അടങ്ങാത്ത ത്വരയായിരുന്നെന്നുവേണം മനസ്സിലാക്കുവാന്‍. എന്തിനും ഏതിനും തന്റേതായ രീതിയില്‍ ഒരു വ്യത്യസ്തത ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ ശൈലിയിലും അതു പ്രതിഫലിച്ചിരുന്നു.അഞ്ചുതവണ സംസ്താനസര്‍ക്കാരിന്റെ, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം കരസ്തമാക്കിയ അദ്ദേഹം ‘മാക്ട‘ ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ അംഗമായിരുന്നു.ഈണത്തിനു വേണ്ടി പാട്ടുകളെഴുതുന്ന പുത്തന്‍സമ്പ്രദയത്തെ അദ്ദേഹം എന്നും എതിര്‍ത്തിരുന്നു.സംഗീതത്തിലെ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഗഹനതയെക്കുറിച്ചു എന്നും ആവലാതിപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രതിഭയുടെ തിരുശേഷിപ്പുകള്‍ ‘ഷഡ്കാലപല്ലവി’ എന്ന പേരില്‍ ഒരു പുസ്തകമായി, വരും തലമുറയിലെ സംഗീതമുകുളങ്ങള്‍ക്ക് ഒരു വഴികാട്ടിയാകുമെന്നു നമുക്കു പ്രത്യാശിക്കാം.

ഹോളി

എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍!! കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലൂടെ.....http://360.yahoo.com/mgmrm

Pirannalaakhosham!!Entry for March 13, 2006

ഇന്നലെ എന്റെ പിറന്നാളായിരുന്നു. മലയാളമാസപ്രകാരം. ക്ഷേത്രദര്‍ശനവും നാലും കൂട്ടി സദ്യയുമല്ലാതെ എടുത്തുപറയത്തക്ക മറ്റാഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയി.http://360.yahoo.com/mgmrm

ആറ്റുകാല്‍ പൊങ്കാല

ഇന്നു ആറ്റുകാല്‍ പൊങ്കാല! എനിക്കു പൊങ്കാലയെന്നു കെള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതു തീവണ്ടിയില്‍ വച്ച് ഒരു വിറകുകൊള്ളി കൊണ്ടു തലയ്ക്കു കിട്ടിയ അടിയാണു..:)http://360.yahoo.com/mgmrm

Are IT professionals really happy?

Have been hearing hue and cry about IT professionals losing their identity as a human. Couldn't help myself but posting this...Are we really happy? If not what can we do about it? How can we be live in shoulder with our siblings outside the IT wonderworld?? How can we break the assumption that IT professionals are in the ivorytowers...?Be a true human. Be true to your conscience.me adding my comments to an outcry rather lament on this issue...its in malayalam...:)പഠിച്ചിരുന്ന കാലത്തു ഏറ്റവും സ്വപ്നം കണ്ടിരുന്ന ജോലി ഒരു മരീചികയാണെന്നു പലപ്പോഴും തൊന്നിപ്പോയിട്ടുണ്ട്. അവസാനം ഞാന്‍ തന്നെ ഒരു പരിഹാരം കണ്ടെത്തി. അവനവന്റെ ജൊലിസമയത്തെക്കുറിച്ചൂ ബൊധവതിയാകുക. എല്ലാറ്റിനും ഒരു ക്രിത്യസമയം വയ്ക്കുക. കമ്പ്യൂട്ടറെന്ന കണിശക്കാരന്‍ മെഷീനില്‍ പണിയെടുക്കുന്ന നമ്മളും കുറെയൊക്കെ കണിശക്കാരാകണം. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും കൊടുക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വിനോദങളെ തിരിച്ചറിഞ്ഞു സ്വയം ഒഴിവുസമയങ്ങളുണ്ടാക്കി അവയ്കൊക്കെ സമയം കണ്ടെത്തുക. ജോലി ഒരിക്കലും നിങ്ങളെ കാര്‍ന്നു തിന്നാതെ, ജീവിക്കാനുള്ള ഒരു ഉപാധീ മാത്രമാണു അതെന്ന തിരിച്ചറിവു വളര്‍ത്തിയെടുക്കുക. ഐ ടി മെഖലയ്ക്കൂ ഒരു പുറം ലോകമുണ്ടെന്നും ലോകത്തു നല്ലൊരു ശതമാനം ജനങ്ങള്‍ അവിടെയാണെന്നും തിരിച്ചറിയുക. ലോകജനതയുടെ പ്രശ്നങ്ങളെക്കുറിച്ചു സദാ അവബോധമുണ്ടായിരിക്കുക. ഇതിനായി വാര്‍ത്താമാധ്യമങ്ങളുമായി സദാ സമ്പര്‍ക്കത്തിലായിരിക്കുവാന്‍‍ ശ്രദ്ധിക്കുക. വ്യായാമം ശീലമാക്കുക. കഴിയുന്നത്ര ശുദ്ധവായു ശ്വസിക്കുക. ജോലിസമയത്തിനു പുറത്തു നിങ്ങള്‍ ഒരു പച്ചമനുഷ്യനാകുക. മനസ്സില്‍ മ്രിദുലവികാരങ്ങള്‍ ‍വളറ്ത്തിയെടുക്കുക. പ്രാര്‍ത്ഠ്ന ശീലമാക്കുക. കഴിയുന്നത്ര പ്രക്രിതിയോടിണങ്ങി ജീവിക്കുക. പുഞ്ചിരിക്കുവാന്‍ പഠിക്കുക. കൊച്ചുകുട്ടികളുമായി സമ്പറ്ക്കം പുലറ്ത്തുക.അവരില്‍ നിന്നും നമുക്കു എറെ പഠിക്കാനുണ്ടെന്നറിയുക. ഇതൊക്കെ നാം ശീലിച്ചു തുടങിയാല്‍, പിന്നീടു ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്മ്പ്പോള്‍ പശ്ചാത്തപിക്കേണ്ടി വരില്ല.

Are IT professionals really happy?

Entry for March 09, 2006Have been hearing hue and cry about IT professionals losing their identity as a human. Couldn't help myself but posting this...Are we really happy? If not what can we do about it? How can we be live in shoulder with our siblings outside the IT wonderworld?? How can we break the assumption that IT professionals are in the ivorytowers...?Be a true human. Be true to your conscience.me adding my comments to an outcry rather lament on this issue...its in malayalam...:)പഠിച്ചിരുന്ന കാലത്തു ഏറ്റവും സ്വപ്നം കണ്ടിരുന്ന ജോലി ഒരു മരീചികയാണെന്നു പലപ്പോഴും തൊന്നിപ്പോയിട്ടുണ്ട്. അവസാനം ഞാന്‍ തന്നെ ഒരു പരിഹാരം കണ്ടെത്തി. അവനവന്റെ ജൊലിസമയത്തെക്കുറിച്ചൂ ബൊധവതിയാകുക. എല്ലാറ്റിനും ഒരു ക്രിത്യസമയം വയ്ക്കുക. കമ്പ്യൂട്ടറെന്ന കണിശക്കാരന്‍ മെഷീനില്‍ പണിയെടുക്കുന്ന നമ്മളും കുറെയൊക്കെ കണിശക്കാരാകണം. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും കൊടുക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വിനോദങളെ തിരിച്ചറിഞ്ഞു സ്വയം ഒഴിവുസമയങ്ങളുണ്ടാക്കി അവയ്കൊക്കെ സമയം കണ്ടെത്തുക. ജോലി ഒരിക്കലും നിങ്ങളെ കാര്‍ന്നു തിന്നാതെ, ജീവിക്കാനുള്ള ഒരു ഉപാധീ മാത്രമാണു അതെന്ന തിരിച്ചറിവു വളര്‍ത്തിയെടുക്കുക. ഐ ടി മെഖലയ്ക്കൂ ഒരു പുറം ലോകമുണ്ടെന്നും ലോകത്തു നല്ലൊരു ശതമാനം ജനങ്ങള്‍ അവിടെയാണെന്നും തിരിച്ചറിയുക. ലോകജനതയുടെ പ്രശ്നങ്ങളെക്കുറിച്ചു സദാ അവബോധമുണ്ടായിരിക്കുക. ഇതിനായി വാര്‍ത്താമാധ്യമങ്ങളുമായി സദാ സമ്പര്‍ക്കത്തിലായിരിക്കുവാന്‍‍ ശ്രദ്ധിക്കുക. വ്യായാമം ശീലമാക്കുക. കഴിയുന്നത്ര ശുദ്ധവായു ശ്വസിക്കുക. ജോലിസമയത്തിനു പുറത്തു നിങ്ങള്‍ ഒരു പച്ചമനുഷ്യനാകുക. മനസ്സില്‍ മ്രിദുലവികാരങ്ങള്‍ ‍വളറ്ത്തിയെടുക്കുക. പ്രാര്‍ത്ഠ്ന ശീലമാക്കുക. കഴിയുന്നത്ര പ്രക്രിതിയോടിണങ്ങി ജീവിക്കുക. പുഞ്ചിരിക്കുവാന്‍ പഠിക്കുക. കൊച്ചുകുട്ടികളുമായി സമ്പറ്ക്കം പുലറ്ത്തുക.അവരില്‍ നിന്നും നമുക്കു എറെ പഠിക്കാനുണ്ടെന്നറിയുക. ഇതൊക്കെ നാം ശീലിച്ചു തുടങിയാല്‍, പിന്നീടു ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്മ്പ്പോള്‍ പശ്ചാത്തപിക്കേണ്ടി വരില്ല.

ഒരു കാരണാവരുടെ ഓര്‍മ്മക്ക്

മലയാളത്തിന്റെ കാരണവര്‍ യാത്രയായി. നമ്മുടെയെല്ലാം മനസ്സുകളുടെ ഉമ്മറക്കോലായ്കളില്‍, മരിക്കാത്ത ഓര്‍മ്മകളുടെ അകമ്പടിയോടെ, ഒഴിഞ്ഞ ഒരു ചാരുകസേര മാത്രം അവശേഷിപ്പിച്ചു, M.S യാത്രയായി.അനിതരസാധാരണമായ ആര്‍ജ്ജവമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്‌. റാജസ, താമസഗുണങ്ങള്‍ ഏറി നില്‍ക്കുന്ന വെള്ളിത്തിരയില്‍ ഈ സാത്വ്കിക പ്രഭാവലയം വേറിട്ടു നിന്നു. \n MSനെ ഞാന്‍ നേരില്‍ കാണുന്നതു ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ്‌. വെളുത്ത ജുബ്ബയും മുണ്ടുമായിരുന്നു വേഷം, മുണ്ടു മടക്കിക്കുത്തി നടന്നു നീങ്ങുന്ന അദ്ദേഹത്തെ അന്ന്‌ ആരാധകരിലാരോ പിറകില്‍ നിന്നു വിളിക്കുകയുണ്ടായി..പാല്‍ പോലെ വെളുത്ത മുഖത്ത്‌ തെളിഞ്ഞ ചിരിയേക്കാള്‍ അന്നു ദൃശ്യമായത്‌ അമ്പരപ്പായിരുന്നു. \n വ്യക്തിപരമായി പരിചയമില്ലെങ്ങിലും, എനിക്കദ്ദേഹം എന്നും, നാട്ടിന്‍പുറത്തിന്റെ ഊടുവഴികളിലെവിടെയൊ കണ്ടുമറന്ന ഒരു ദേഹണ്ടക്കാരനോ, സംസ്കൃതപണ്ഡിതനോ, ഒരു സരസബ്രഹ്മണനൊ, കണിശക്കരനെങ്ങിലും സഹൃദയനായ ഒരു കാരണവരോ, സംസാരപ്രിയനും ഫലിതപ്രിയനുമായ ഒരമ്മാവനോ ഒക്കെ ആയിരുന്നു. മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ കാട്ടി, കൊച്ചുകുട്ടികളെപ്പൊലെ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു ശുദ്ധാത്മാവ്‌. \n \'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ\' ചുട്ട കോഴിയെ പറപ്പിക്കുന്ന മാന്ത്രികനും കര്‍ക്കശക്കാരനുമായ അച്ചന്‍ നമ്പൂതിരിയുടെ ചിത്രം ഒരു കാലത്തും മങ്ങലേല്‍ക്കാത്തതാണ്‌.അങ്ങനെ, തന്റെ കഥാപാത്രങ്ങളെയെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ അനശ്വരങ്ങളാക്കിക്കൊണ്ട്‌, മലയാളിയുടെ മനസ്സിലെ ശുദ്ധബ്രഹ്മണാനെന്ന പാത്രസങ്കല്‍പ്പമായി, അദ്ദേഹം കലാലോകത്ത്‌, സ്വന്തം കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചിക്കുന്നു. \nവ്യാകരണവും, തര്‍ക്കവും, പാചകവും, ജ്യോതിഷവും, സംഗീതവും, നര്‍മ്മവും, അഭിനയവും എല്ലാം പുഷ്ഠിപ്പെടുത്തിയ ആ അപൂര്‍വസര്‍ഗധനനെ അനുസ്മരിച്ച്‌ സുഹൃത്തായ കലാമണ്ടലം കേശവന്‍ പറയുകയുണ്ടായി: "സംസാരിച്ചിരുന്നാല്‍ സമയം പോക്കുന്നതറിയില്ല. എന്തിനെക്കുറിച്ചും ആധികാരികമായ ഒരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു."'സിനിമാനടനെന്ന വിശേഷണം അദ്ദെഹത്തെ താഴ്തിക്കെട്ടലാവും' എന്നായിരുന്നു ഈ ബഹുമുഖപ്രതിഭാശാലിയെപ്പറ്റി നെടുമുടിവേണുവിന്റെ അഭിപ്രായം. ബന്ധുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെന്നു വേണ്ട, പരിചയപ്പെടുന്നവര്‍ക്കൊക്കെ ഒരു ആത്മബന്ധം തൊന്നത്തക്ക വിധം ആര്‍ജ്ജവം മുറ്റി നില്‍ക്കുന്ന, ഹൃദ്യമായ പെരുമാട്ടം MSനെ അനശ്വരനാക്കുന്നു.ഉള്ളറകളില്ലത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റെ എറ്റവും വലിയ സമ്പാദ്യം. ആരോടും എന്തും തുരന്നു പറയുന്ന ശീലം മൂലം കുറേ ശത്രുക്കളേയും സമ്പാദിച്ച്‌. ഒരു തുറന്ന പുസ്തകം പോലെ, സ്വകാര്യതകളില്ലാതെ, ഒരു മുണ്ടുടുത്ത്‌, ഒരു രണ്ടാമുണ്ടും തോളത്തിട്ട്‌, കാണുന്നവരോടൊക്കെ കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും, മുറുക്കിചുവപ്പിച്ച്‌ നടന്നിരുന്ന ആ നാട്ടിന്‍പുറത്തുകാരന്‍ തൃപ്പൂണിത്തുറയ്ക്കു ജീവനേകിക്കൊണ്ട്‌, പൂര്‍ണ്ണത്രയീശന്റെ ഭക്തനായി, ഒരു സാധാരണക്കാരനായി , പരമസാത്വികനായി ജീവിച്ചു. ജീവിതത്തിലുണ്ടായിരുന്ന ആ സ്വച്ഛതയും ലാളിത്യവും മരണത്തിലും - പരിഭവങ്ങളിലാതെ, നിശബ്ദമായ ഉറക്കം പോലെ, ശാന്തമായ ഒരു മരണം. ആഭിനയിച്ചു ജീവിച്ചും , ജീവിച്ചഭിനയിച്ചും അദ്ദേഹം യാത്രയായി, ചന്ദനസുഗന്ധിയായ ഒരു വ്യക്തിപ്രഭാവത്തിന്റെ ഒര്‍മ്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌ ...