തട്ടിന്‍പുറത്ത് നിന്നും

This supplementary blog contains only those old entries recovered after a deletion from my blog.

Friday, August 04, 2006

ഒരു കാരണാവരുടെ ഓര്‍മ്മക്ക്

മലയാളത്തിന്റെ കാരണവര്‍ യാത്രയായി. നമ്മുടെയെല്ലാം മനസ്സുകളുടെ ഉമ്മറക്കോലായ്കളില്‍, മരിക്കാത്ത ഓര്‍മ്മകളുടെ അകമ്പടിയോടെ, ഒഴിഞ്ഞ ഒരു ചാരുകസേര മാത്രം അവശേഷിപ്പിച്ചു, M.S യാത്രയായി.അനിതരസാധാരണമായ ആര്‍ജ്ജവമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്‌. റാജസ, താമസഗുണങ്ങള്‍ ഏറി നില്‍ക്കുന്ന വെള്ളിത്തിരയില്‍ ഈ സാത്വ്കിക പ്രഭാവലയം വേറിട്ടു നിന്നു. \n MSനെ ഞാന്‍ നേരില്‍ കാണുന്നതു ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ്‌. വെളുത്ത ജുബ്ബയും മുണ്ടുമായിരുന്നു വേഷം, മുണ്ടു മടക്കിക്കുത്തി നടന്നു നീങ്ങുന്ന അദ്ദേഹത്തെ അന്ന്‌ ആരാധകരിലാരോ പിറകില്‍ നിന്നു വിളിക്കുകയുണ്ടായി..പാല്‍ പോലെ വെളുത്ത മുഖത്ത്‌ തെളിഞ്ഞ ചിരിയേക്കാള്‍ അന്നു ദൃശ്യമായത്‌ അമ്പരപ്പായിരുന്നു. \n വ്യക്തിപരമായി പരിചയമില്ലെങ്ങിലും, എനിക്കദ്ദേഹം എന്നും, നാട്ടിന്‍പുറത്തിന്റെ ഊടുവഴികളിലെവിടെയൊ കണ്ടുമറന്ന ഒരു ദേഹണ്ടക്കാരനോ, സംസ്കൃതപണ്ഡിതനോ, ഒരു സരസബ്രഹ്മണനൊ, കണിശക്കരനെങ്ങിലും സഹൃദയനായ ഒരു കാരണവരോ, സംസാരപ്രിയനും ഫലിതപ്രിയനുമായ ഒരമ്മാവനോ ഒക്കെ ആയിരുന്നു. മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ കാട്ടി, കൊച്ചുകുട്ടികളെപ്പൊലെ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു ശുദ്ധാത്മാവ്‌. \n \'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ\' ചുട്ട കോഴിയെ പറപ്പിക്കുന്ന മാന്ത്രികനും കര്‍ക്കശക്കാരനുമായ അച്ചന്‍ നമ്പൂതിരിയുടെ ചിത്രം ഒരു കാലത്തും മങ്ങലേല്‍ക്കാത്തതാണ്‌.അങ്ങനെ, തന്റെ കഥാപാത്രങ്ങളെയെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ അനശ്വരങ്ങളാക്കിക്കൊണ്ട്‌, മലയാളിയുടെ മനസ്സിലെ ശുദ്ധബ്രഹ്മണാനെന്ന പാത്രസങ്കല്‍പ്പമായി, അദ്ദേഹം കലാലോകത്ത്‌, സ്വന്തം കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചിക്കുന്നു. \nവ്യാകരണവും, തര്‍ക്കവും, പാചകവും, ജ്യോതിഷവും, സംഗീതവും, നര്‍മ്മവും, അഭിനയവും എല്ലാം പുഷ്ഠിപ്പെടുത്തിയ ആ അപൂര്‍വസര്‍ഗധനനെ അനുസ്മരിച്ച്‌ സുഹൃത്തായ കലാമണ്ടലം കേശവന്‍ പറയുകയുണ്ടായി: "സംസാരിച്ചിരുന്നാല്‍ സമയം പോക്കുന്നതറിയില്ല. എന്തിനെക്കുറിച്ചും ആധികാരികമായ ഒരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു."'സിനിമാനടനെന്ന വിശേഷണം അദ്ദെഹത്തെ താഴ്തിക്കെട്ടലാവും' എന്നായിരുന്നു ഈ ബഹുമുഖപ്രതിഭാശാലിയെപ്പറ്റി നെടുമുടിവേണുവിന്റെ അഭിപ്രായം. ബന്ധുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെന്നു വേണ്ട, പരിചയപ്പെടുന്നവര്‍ക്കൊക്കെ ഒരു ആത്മബന്ധം തൊന്നത്തക്ക വിധം ആര്‍ജ്ജവം മുറ്റി നില്‍ക്കുന്ന, ഹൃദ്യമായ പെരുമാട്ടം MSനെ അനശ്വരനാക്കുന്നു.ഉള്ളറകളില്ലത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റെ എറ്റവും വലിയ സമ്പാദ്യം. ആരോടും എന്തും തുരന്നു പറയുന്ന ശീലം മൂലം കുറേ ശത്രുക്കളേയും സമ്പാദിച്ച്‌. ഒരു തുറന്ന പുസ്തകം പോലെ, സ്വകാര്യതകളില്ലാതെ, ഒരു മുണ്ടുടുത്ത്‌, ഒരു രണ്ടാമുണ്ടും തോളത്തിട്ട്‌, കാണുന്നവരോടൊക്കെ കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും, മുറുക്കിചുവപ്പിച്ച്‌ നടന്നിരുന്ന ആ നാട്ടിന്‍പുറത്തുകാരന്‍ തൃപ്പൂണിത്തുറയ്ക്കു ജീവനേകിക്കൊണ്ട്‌, പൂര്‍ണ്ണത്രയീശന്റെ ഭക്തനായി, ഒരു സാധാരണക്കാരനായി , പരമസാത്വികനായി ജീവിച്ചു. ജീവിതത്തിലുണ്ടായിരുന്ന ആ സ്വച്ഛതയും ലാളിത്യവും മരണത്തിലും - പരിഭവങ്ങളിലാതെ, നിശബ്ദമായ ഉറക്കം പോലെ, ശാന്തമായ ഒരു മരണം. ആഭിനയിച്ചു ജീവിച്ചും , ജീവിച്ചഭിനയിച്ചും അദ്ദേഹം യാത്രയായി, ചന്ദനസുഗന്ധിയായ ഒരു വ്യക്തിപ്രഭാവത്തിന്റെ ഒര്‍മ്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌ ...

0 Comments:

Post a Comment

<< Home