നിലയ്ക്കാത്ത ദേവസംഗീതം.
അമ്മയുടെ ചലച്ചിത്രഗാനശേഖരം പരിചയപ്പെടുത്തിയ ഇഷ്ടഗാനങ്ങള്‍ ആരുടേതെന്നറിഞ്ഞതു എറെക്കാലത്തിനു ശേഷമാണ്. ഒഴിവുദിനങ്ങളിലെ ഉച്ചയൂണു കഴിഞ്ഞുള്ള ആലസ്യങ്ങളില്‍ ചുണ്ടിലും കാതിലും തത്തിക്കളിച്ചിരുന്ന വരികളും ഈണങ്ങളും ആകാശവാണിയിലൂടെ എനിക്കു ദേവരാജനെന്ന പ്രതിഭയെ പരിചയപ്പെടുത്തി. ഇന്നദ്ദേഹവും ഇതാ ഒരോര്‍മ്മയാകുന്നു.സംഗീതദേവത കനിഞ്ഞനുഗ്രഹിച്ച ഈ ഭാഗ്യവാന്‍ ഏകദേശം മുന്നൂറില്‍പ്പരം സിനിമകള്‍ക്കും നാല്‍പ്പതില്‍പ്പരം നാടകങ്ങാള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു.ജോലിയിലെ കാര്‍ക്കശ്യം പൂര്‍ണതയ്ക്കുവേണ്ടിയുള്ള അടങ്ങാത്ത ത്വരയായിരുന്നെന്നുവേണം മനസ്സിലാക്കുവാന്‍. എന്തിനും ഏതിനും തന്റേതായ രീതിയില്‍ ഒരു വ്യത്യസ്തത ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ ശൈലിയിലും അതു പ്രതിഫലിച്ചിരുന്നു.അഞ്ചുതവണ സംസ്താനസര്‍ക്കാരിന്റെ, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം കരസ്തമാക്കിയ അദ്ദേഹം ‘മാക്ട‘ ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ അംഗമായിരുന്നു.ഈണത്തിനു വേണ്ടി പാട്ടുകളെഴുതുന്ന പുത്തന്‍സമ്പ്രദയത്തെ അദ്ദേഹം എന്നും എതിര്‍ത്തിരുന്നു.സംഗീതത്തിലെ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഗഹനതയെക്കുറിച്ചു എന്നും ആവലാതിപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രതിഭയുടെ തിരുശേഷിപ്പുകള്‍ ‘ഷഡ്കാലപല്ലവി’ എന്ന പേരില്‍ ഒരു പുസ്തകമായി, വരും തലമുറയിലെ സംഗീതമുകുളങ്ങള്‍ക്ക് ഒരു വഴികാട്ടിയാകുമെന്നു നമുക്കു പ്രത്യാശിക്കാം.
0 Comments:
Post a Comment
<< Home