തട്ടിന്‍പുറത്ത് നിന്നും

This supplementary blog contains only those old entries recovered after a deletion from my blog.

Friday, August 04, 2006

വിഷു.

അങ്ങനെ അവനില്ലാതെ ഒരു വിഷു കൂടി കടന്നു പോയി.അഞ്ചു വര്‍ഷം മുന്‍പു വരെ വീട്ടിലും വിഷു ഒരുത്സവമായിരുന്നു. കണിക്കൊന്നകളുടെ പ്രസരിപ്പു മുഴുവന്‍ ആവോളം നെഞ്ചിലേറ്റിക്കൊണ്ടു ഞങ്ങള്‍ വിഷുവിനെ വരവേറ്റിരുന്നു. സ്കൂളുകളും കോളേജുകളും അടച്ചാല്‍ തറവാട്ടില്‍ ബഹളമയമാണ്. അന്നു അച്ചന്റെ വീട്ടില്‍ ഞങ്ങള്‍ 10 പേരക്കുട്ടികളായിരുന്നു....അതില്‍ത്തന്നെ ഞങ്ങളേഴുപേര്‍ തറവാടിന്റെ അടുത്തു താമസിച്ചിരുന്നതിനാല്‍, ഒരാത്മാവുംപല ശരീരവുമെന പോലെയായിരുന്നു. അതിരാവിലെ കുളിയൊക്കെ കഴിഞ്ഞ് അഞ്ജുവൂം അശ്വതിയും വീട്ടിലെത്തും. അവിടെ നിന്നു ഞാനും രഞ്ജുവൂം മണിക്കുട്ടനും അവര്‍ക്കൊപ്പം തറവാട്ടിലെയ്ക്ക് ...അവിടെ ഞങ്ങളെയും കാത്ത് ശ്രീക്കുട്ടനും ആതിരയുമുണ്ടാകും... റ്വടക്കേ പറമ്പില്‍ മൂവാണ്ടന്മാങ്ങയും പടിയന്മാങ്ങയും ചന്ത്രക്കാറന്‍ മാങ്ങയും കോട്ടമാങ്ങയും നാട്ടുമാങ്ങയും പ്രിയൂരിമാങ്ങയും ആസ്വദിച്ചുകൊണ്ടു ഞങ്ങള്‍ വിഷുവിനെ വരവേറ്റു.ഇടയ്ക്കു അച്ചച്ചന്റെ വിളി കേള്‍ക്കാം...തൊഴുത്തിനോടു ചേര്‍ന്നുള്ള ഉരല്‍പ്പുരയില്‍ നിന്നാണ്. അവിടെ ചക്ക മുറിക്കുകയാവും. പറമ്പിന്റെ വടക്കുപടിഞ്ഞാറെ കോണിലുള്ള തേന്‍ വരിക്കപ്ലാവിന്റേതാണ്. വലിയ തേനൂറുന്ന ചുളകളും വലിപ്പത്തില്‍ ചുളകളോടു മത്സരിക്കുന്ന ചവിണികളുമുള്ള ചക്കകള്‍ ആ പ്ലാവിന്റെ മാത്രം പ്രത്യേകതയായിരുന്നു.വിഷുവിന് ഉപ്പേരിക്കു വേണ്ടി പച്ചച്ചക്ക ചവിണി കളഞ്ഞെടുക്കുന്നതു ഞങ്ങള്‍ കുട്ടികളുടെ ജോലിയായിരുന്നു.:-)ആ ജോലി കഴിഞ്ഞാലുടന്‍ കശുമാവിന്റെ ചുവട്ടിലേയ്ക്കു ഓടുകയായി...കശുവണ്ടി ഉരിഞ്ഞെടുത്തു സൂക്ഷിച്ചിട്ടു, കശുമാങ്ങ ഈര്‍ക്കിലിയില്‍ കോര്‍ത്തെടുക്കും....പശുവിനു കൊടുക്കാനാണ്...നിലത്തു വീണു കിടക്കുന്ന കശുമാങ്ങ തിന്നാ‍ന്‍ കൊള്ളില്ല.ഉച്ചയൂണു കഴിഞ്ഞ്, മൂന്നു കല്ലുകള്‍ മുറ്റത്തു കൂട്ടി അടുപ്പുണ്ടാക്കി ഞങ്ങള്‍ കശുവണ്ടി ചുട്ടെടുത്തിരുന്നു....:)അങ്ങനെ വിഷുവിന്റെ തലേന്നു വൈകുന്നേരം..നിലവിളക്കും ഓട്ടുകിണ്ടിയുംഓട്ടുരുളിയും എല്ലാം ഞങ്ങള്‍ കുട്ടികളായിരുന്നു തേച്ചുമിനുക്കിയിരുന്നതു..മണലും പുളിയും ഒക്കെ ചേര്‍ത്ത്....:-)അച്ചന്‍ വൈകുന്നേരം വരുമ്പോള്‍ പടക്കവും കമ്പിത്തിരിയും മത്താപ്പും എല്ലാം വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടാവും...രാത്രി കിടക്കുന്നതിനു മുന്‍പൂ അച്ചന്‍ അറയ്ക്കകത്ത് (പൂജാമുറിയില്‍) കണി ഒരുക്കുകയായിരിക്കും...വെള്ളരിക്കാസുന്ദരിയെ കിണ്ടിയില്‍ നിര്‍ത്തി, കോടിമുണ്ടൊക്കെ ഉടുപ്പിച്ചു, സ്വര്‍ണമാലയൊക്കെ ചാര്‍ത്തി,ഉരുളിയില്‍ നിറയെ കൊന്നപ്പൂവും അരിയും നാണയവുമൊക്കെയായി..., അരികിലായി ഉണ്ണിക്കണ്ണന്റെ ചന്ദനം ചാര്‍ത്തിയ പ്രതിമ വെച്ച്.....ചക്കയും മാങ്ങയുമെല്ലാം നിരത്തി വെച്ച്....വിഷുപ്പുലരി...അച്ചന്‍ ആദ്യമുണര്‍ന്നു വിളക്കു കൊളുത്തും...അതു കഴിഞ്ഞ് അമ്മയെ വിളിച്ചുണര്‍ത്തും....അവരിരുവരും കൂടി ഞങ്ങളെ മൂന്നുപേരെയും വിളിചുണര്‍ത്തും...കണ്ണു രണ്ടും പൊത്തിപ്പിടിച്ചു...അതാ വിരലുകള്‍ക്കിടയിലൂടെ എനിക്കു ചെറിയ പ്രകാശം കാണാം....അമ്മ കൈ മാറ്റുന്നു..ഉണ്ണിക്കണ്ണന്‍ കള്ളച്ചിരിയുമായി കണ്മുന്നില്‍.....:-)ചന്ദനത്തിരിയുടെയും എണ്ണയുടെയും സുഗന്ധം....അച്ചന്‍ വിഷുക്കൈനീട്ടം തരികയായി.....ഒരു രൂപാനാണയമാണ് അച്ചന്റെ കണക്ക്...പിന്നെ പടക്കം പൊട്ടിക്കല്‍, പടക്കത്തിനും കമ്പിത്തിരിക്കുമിടയില്‍ നാല്‍പ്പതുകളിലും നാലുവയസ്സുകാരനാകുന്ന അച്ചന്‍!! :-)പിന്നെ കുളിയൊക്കെ കഴിഞ്ഞു തറവാട്ടിലേയ്ക്കു....അവിടത്തെ കണി കാണല്‍, പടക്കം പൊട്ടിക്കല്‍, അച്ചച്ചന്റേയും മറ്റു മുതിര്‍ന്നവരുടേയും വിഷുക്കൈനീട്ടം, ക്ഷേത്രദര്‍ശനം, അച്ചമ്മയുടെ കൈകൊണ്ടുള്ള പ്രാതല്‍, കളികള്‍, അടുക്കളയില്‍ ചില്ലറ സഹായങ്ങള്‍, തളത്തില്‍ എല്ലാരുമൊന്നിച്ച് ചമ്രം പടിഞ്ഞിരുന്നുള്ള വിഷുസദ്യ, കളികള്‍....വൈകീട്ട് അമ്മയുടെ വീട്ടിലേയ്ക്കുള്ള യാത്ര, അവിടെ എല്ലാരുമൊന്നിച്ചുള്ള വിഷു ആഘോഷം....എല്ലാമെല്ലാം കന്മുന്നില്‍ തെളിയുന്നു........ഇന്നലെയെന്നോണം...2001 ലെ വിഷു!! ആദ്യമായും അവസാനമായും ഞാന്‍ മണിക്കുട്ടനു കൈനീട്ടം നല്‍കി! അവന്‍ ചോദിച്ചു വാങ്ങൂകയായിരുന്നു.....മഞ്വേച്ചിക്കു ജോലി കിട്ടുമ്പ്ഴേക്കും വാങ്ങാന്‍ അവനുണ്ടാകില്ലെന്ന്‍ ഒരു സൂചനയായിരുന്നില്ലേ അത്? ഏപ്രിലും, പൂത്തുലഞ്ഞ കണിക്കൊന്നകളും വേര്‍പാടിന്റെ വേദന ഉണര്‍ത്തുമ്പോള്‍ കണ്ണുകളടച്ചു ഞാന്‍ പോയ്മറഞ്ഞ ഓര്‍മളോടു സന്തോഷത്തിന്റെ കണികകള്‍ കടം ചോദിക്കാറുണ്ട്..ആവുന്ന ഒരു വിഷുക്കൈനീട്ടം കണക്കെ അച്ചനുമമ്മയ്ക്കും വെച്ചു നീട്ടാന്‍.....ഇത്തവണ വിഷുവിനു ഉണര്‍ന്നപ്പോള്‍ വൈകി...ആഘോഷമൊന്നുമില്ലാത്തതിനാലും, തലേന്നു ഏറെ വൈകി ഉറങ്ങിയതിനാലും.കണ്ണുകള്‍ അടച്ചു തനിയെ പൂജാമുറിയില്‍ പോയി തൊഴുതു ....അമ്മ നിലവിളക്കു കൊളുത്തിവെച്ചിട്ടുണ്ടായിരുന്നു......അച്ചന്‍ പത്രം വായിക്കുന്നു...അനിയത്തി പരീക്ഷ പ്രമാണിച്ചു ഹോസ്റ്റലില്‍ തന്നെ....സൂര്യോദയത്തിനു ശേഷമുള്ള ക്ഷേത്രദര്‍ശനം ഇഷ്റ്റമല്ലാത്തതിനാല്‍ മടി പിടിച്ചിരിക്കുമ്പോള്‍, കാറുമായി ചെറിയച്ചന്റെ വരവ്...”നീ അമ്പലത്തിലേക്കുണ്ടോ?” എന്ന ചോദ്യത്തിനു ഇല്ലാന്നു പറായാന്‍ തോന്നിയില്ല....ഇനീപ്പൊ നല്ലോരു ദിവസായിട്ട് ഉണ്ണിക്കണ്ണന്‍ എന്നെ കാണാതെ വിഷമിക്കണ്ടാലോ....അവിടെ ചെന്നു ...കണ്ണന്റെ നേദ്യമായിരുന്നു...ഒക്കെ കഴിഞു ഭഗവതിയെയും തൊഴുതു അടുത്തുള്ള ശിവക്ഷേത്രത്തിലും തൊഴുതിട്ടു കസിന്‍സിനെയും കൂട്ടി വീട്ടിലെത്തി.....:)വീട്ടില്‍ വിഷു ഇല്ലെങ്കിലും പാവം വയസ്സായ അച്ച്ച്ചനെം അച്ചമ്മെം സഹായിക്കാന്‍ ഞ്ങള്‍ തറവാട്ടിലെയ്ക്കു പോയി...എല്ലാവര്‍ക്കും വിഷുക്കൈനീട്ടം കൊടുത്തു...ജോലി കിട്ടിയ ഒരേ ഒരു ചേച്ചിയല്ലേ...വിക്ര്തിപ്പിള്ളേര്‍ ചോദിച്ചു വാങ്ങി!!...കാലം പോയ പോക്കേ...ശിവ ശിവ...!! വിഷുവിന്റന്നു കിട്ടുന്ന ഒറ്റരൂപാനാണയത്തിന്റെ മഹിമയുണ്ടോ ഈ തലമുറയിലെ ചട്ടമ്പികള്‍ക്കു മനസ്സിലാകുന്നു.....അവിടെ തേങ്ങപിഴിയല്‍, ഇഞ്ചിചതയ്ക്കല്‍ തുടങ്ങിയ ചെറിയ ജോലികള്‍.....പിന്നെ ഉള്ളവരെല്ലാവരും തളത്തിലിരുന്ന്‍, പഴയ പോലെ ഒരു വിഷു സദ്യകൂടി....സാമ്പാര്‍, മാമ്പഴപ്പുളിശ്ശേരി , ചക്ക എരിശ്ശേരി, ഓലന്‍, പപ്പടം, അവിയല്‍, അച്ചാറുകള്‍, ഗോതമ്പുപായസം......അച്ചനുമമ്മയും സദ്യക്കു വരാന്‍ വിസമ്മതിച്ചതിനാല്‍ അവര്‍ക്കുള്ള ഊണ് ഞാന്‍ കാലേ കൂട്ടി വീട്ടിലെത്തിച്ചിരുന്നു....ഉച്ചയ്ക്ക് ശേഷം കുടുംബസദസ്സ്...:-)ഇളയ കുട്ടികളെ ഉപദേശിക്കല്‍ ഒക്കെയായി സമയം പോയി.....അങ്ങനെ ആര്‍പ്പും ആരവങ്ങളും കെട്ടടങ്ങിയ ഒരു വിഷു കൂടെ പടിയിറങ്ങി.വൈലോപ്പിള്ളി പാടിയതു പോലെ...ഏതു ദേശത്തു പോയാലും, ഏത് ഊഷരഭൂമിയില്‍ വാഴ്കിലും, മനസ്സില്‍ ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും മണവും മമതയും ഇത്തിരി കൊന്നപ്പൂ‍വും അവശേഷിക്കട്ടെ...........

1 Comments:

  • At 7:58 PM, Blogger Divakar said…

    It is really heartening to read blogs like this...the heartfelt words brimming with truthfulness and innocence.
    Yes, I realise today, world has not lost all its unpolluted souls.

    Best wishes.

    Regards -

     

Post a Comment

<< Home